2017 ഏപ്രിൽ 23, ഞായറാഴ്‌ച

Sign on ,Sign off അര മണിക്കൂർ സമയം അലിഖിത നിയമമോ ?


കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടില്‍ സ്റ്റീയറിംഗ് ഡ്യൂട്ടി ഏഴരമണിക്കൂറായി ഉയര്‍ത്താന്‍ ശുപാര്‍ശ. സൈന്‍ ഓണ്‍ ,സൈന്‍ ഓഫ്  അര മണിക്കൂര്‍ വീതം അനുവദിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായം നിര്‍ത്തലാക്കി മറ്റ് RTC കള്‍ക്ക് സമാനമായി നിലവിലുള്ള ആറര മണിക്കൂര്‍  സ്റ്റീയറിംഗ് ഡ്യൂട്ടി ഏഴര മണിക്കൂര്‍ ആയി ഉയര്‍ത്തണമെന്നാണ്  നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്താണ് Sign On, Sign Off  എന്നതില്‍ വ്യക്തത വരുത്തുന്നതിനാണ്  ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
1973 - ൽ കെ.എസ്.ആർ.ടി.സിയിൽ എം.എൻ .ഗോവിന്ദൻനായർ ഗതാഗത മന്ത്രി ആയിരുന്ന കാലത്തു നടപ്പിലാക്കിയ കുഞ്ഞു കൃഷ്ണപിള്ള അവാർഡ് ശുപാര്‍ശ പ്രകാരമായിരുന്നു കുറഞ്ഞത് എട്ട് മണിക്കൂറിനുള്ളിൽ ആറര മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി സമ്പ്രദായം പ്രാബല്യത്തിൽ വന്നത് നിയമാനുസൃത വിശ്രമ സമയം അര മണിക്കൂർ , സൈൻ ഓൺ/ സൈൻ ഓഫ് അര മണിക്കൂർ വീതം കണക്കാക്കി കെ.എസ്.ആർ.ടി.സിയിലെ ഓപ്പറേറ്റിംഗ് വിഭാഗത്തിൻറെ (കണ്ടക്ടർ ഡ്രൈവർ വിഭാഗത്തിന്റെ ) ഡ്യൂട്ടി പാറ്റേൺ 8 മണിക്കൂര്‍ ആയി  നിശ്ചയിക്കപ്പെട്ടത് .1966 -ലെ കുമാര പിള്ള കമ്മീഷൻ അവാർഡിൽ സൈൻ ഓൺ/ സൈൻ ഓഫ് പരമാവധി 20 മിനിറ്റു വീതം എന്നത് ഭേദഗതി ചെയ്തായിരുന്നു പുതിയ പരിഷ്‌കാരം അന്ന് നടപ്പിലാക്കിയത്.  അന്‍പതും,നൂറും വീതം PRE PRICED ടിക്കറ്റുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഡിനോമിനേഷനുകളിലുള്ള ടിക്കറ്റ് പാഡുകള്‍ കുത്തി നിറച്ച തടി കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഭാരമേറിയ ടിക്കറ്റ് റാക്കുകളുമായി ആയി ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ഡിപ്പോയില്‍നിന്നും നല്‍കുന്ന ടിക്കറ്റ് റാക്കില്‍ ഉള്ള ടിക്കറ്റുകള്‍ വേബില്ലുമായി ഒത്തു നോക്കി ശരിയെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും കണ്ടക്ടറില്‍ നിക്ഷിപ്തമായിരുന്നു. ഡൂട്ടി അവസാനിക്കുമ്പോഴും ടിക്കറ്റ് റാക്കില്‍ അവശേഷിക്കുന്ന ടിക്കറ്റുകളുടെ എണ്ണം തിട്ടപ്പെടുത്തി വിറ്റ ടിക്കറ്റുകളുടെ എണ്ണവും, വിലയും നിജപ്പെടുത്തേണ്ട ചുമതലയും അന്ന് കണ്ടക്ടര്‍ക്കുണ്ടായിരുന്നു. തുടക്കത്തിലും,അവസാനവും വേണ്ടി വരുന്ന ഈ  അനുബന്ധ ജോലിക്കായിരുന്നു. സൈന്‍ ഓണ്‍,സൈന്‍ ഓഫ്  ആയി അര മണിക്കൂര്‍ വീതം എട്ടു മണിക്കൂര്‍ ജോലി സമയത്തില്‍ ഉള്‍പ്പെടുത്തി അനുവദിക്കപ്പെട്ടത്. സര്‍വ്വീസുമായ ബന്ധപ്പെട്ട അനുബന്ധ ജോലികളും ജോലി സമയമായി കണക്കാക്കണമെന്ന മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് വ്യവസ്ഥയുടെ ഭാഗമായായാണ്  സൈന്‍ ഓണ്‍ /സൈന്‍ ഓാഫ് സമയങ്ങളും ജോലി സമയത്തില്‍ ഉള്‍പ്പെടുത്തി ടൈം ഷെഡ്യൂളുകള്‍ ക്രമീകരിക്കപ്പെട്ടത്. ഇലക്ടോണിക് ടിക്കറ്റ് സമ്പ്രദായം ഒരു പതിറ്റാണ്ടിന് മുമ്പ് കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയതോടു കൂടി സൈന്‍ ഓൺ/സൈന്‍ ഓഫ് സമയം അരമണിക്കൂർ വീതം നിശ്ചയിക്കപ്പെട്ട   കാലത്തിൽ നിന്നും അദ്ധ്വാന ഭാരം കുറഞ്ഞത് കണക്കിലെടുത്ത്  മോട്ടോർ ഉള്ള ട്രാൻസ്പോർട്ട്  വർക്കേഴ്സ് ആക്ട് വ്യവസ്ഥ പ്രകാരം പുനക്രമീകരിക്കാവുന്നതാണ്.  . കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുന്നതിന് മുമ്പ് ബാങ്കുകളില്‍ സാധാരണ ദിവസങ്ങളില്‍ രണ്ടു മണി വരെ മാത്രം ലഭ്യമായിരുന്ന പണമിടപാട് സൗകര്യം മൂന്നര മണി വരെയായി മാറ്റപ്പെട്ടത് ശ്രദ്ധിക്കുക. ശനിയാഴ്ചകളില്‍ മുമ്പ് പന്ത്രണ്ടു മണിവരെ മാത്രം ലഭ്യമായിരുന്ന പണമിടപാട് സൗകര്യം രണ്ടുമണി വരെ ബാങ്കുകളില്‍ ഇപ്പോള്‍ ലഭ്യമാണ്.ബാങ്കിംഗ് മേഖലയിലേതു പോലെ കംപ്യൂട്ടറൈസേഷന്‍ പോലെയുള്ള  ആധുനികവല്‍ക്കരണത്തില്‍ കൂടി തൊഴില്‍ സമയത്തിലുണ്ടാണ്ടാകുന്ന ലാഭത്തിന്‍റെ ഗുണഭോക്താവ് യാത്രക്കാര്‍ തന്നെ ആയിരിക്കണം. പാഴായി പോകുന്ന അദ്ധ്വാന ശേഷി ഓരോ മേഖലയിലും കണ്ടെത്തി പുനക്രമീകരിക്കാന്‍ ക്രിയാത്മക സഹകരണം ട്രേഡ് യൂണിയനുകള്‍ നല്‍കേണ്ടതുണ്ട്. പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ അങ്ങിനെ മാത്രമേ.സംരക്ഷിക്കാന്‍ കഴിയൂ.