2022 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ നയങ്ങളും കാരണം

1965 ൽ കെ.എസ്.ആർ.ടി.സി രൂപീകൃതമാകുന്നത് ഗവർണ്ണർ ഭരണകാലത്തായിരുന്നു. 1967 ൽ ഇ.എം.എസ് നേതൃത്വം നൽകിയ സപ്തകക്ഷി സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം പത്ത് ശതമാനം മാത്രം ആയിരുന്നു കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം . അന്നത്തെ ഗതാഗത മന്ത്രി ഇമ്പിച്ചിബാവയാണ് കോട്ടയം പൂഞ്ഞാർ, കോട്ടയം എറണാകുളം , കായംകുളം പുനലൂർ റൂട്ടുകൾ ദേശസാൽക്കരിച്ച്  വ്യവസായ വികസനത്തിന് തുടക്കമിട്ടത്. ഓരോ വർഷവും പത്ത് ശതമാനം വീതം ബസുകളുടെ എണ്ണം വർദ്ധിപ്പിച്ച് പൊതു മേഖലാ സ്വാധീനം ക്രമാനുഗതമായി വർദ്ധിപ്പിക്കുമെന്ന ആ സർക്കാർ നയം തുടരാനോ , പൂർത്തീകരിക്കാനോ 
പിന്നീട് അധികാരത്തിൽ വന്ന ഒരു സർക്കാരിനും കഴിഞ്ഞില്ല. 

കാലാവധി പൂർത്തിയാകും മുമ്പേ രാജിവച്ച ആ സർക്കാരിന് ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ് ആലപ്പുഴ - എറണാകുളം , കോഴിക്കോട് വയനാട് , തിരുവനന്തപുരം സിറ്റി  റൂട്ട് ദേശസാൽക്കരണ വിജ്ഞാപനങ്ങൾ ഭേദഗതി  ചെയ്ത് സ്വകാര്യ മേഖലക്ക് സർവ്വീസ് അനുമതി നൽകിയത്. കേരളത്തിലെ ദേശസാൽകൃത റൂട്ടുകളിൽ പാതിയോളം വരുന്ന സപ്ളിമെന്റേഷൻ സ്കീമിൽ പെടുന്ന 31 റൂട്ടുകളിൽ നിയമം വിരുദ്ധമായി പെർമെറ്റുകൾ നേടി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ നിർത്തലാക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റോ , സർക്കാരോ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് അടിസ്ഥാന കാരണം വ്യവസായ വികസനമുരടിപ്പിന്റെ ഫലമായി വിപണിനഷ്ടം ആണെന്ന് തിരിച്ചറിവിൽ 1996 ൽ അധികാരത്തിൽ വന്ന ഇടതു പക്ഷ സർക്കാർ  കൂടുതൽ ബസുകൾ നിരത്തിലിറക്കി. പുതുതായി ആരംഭിച്ച ബസുകൾക്കെതിരെ സംഘടിതമായ ചെറുത്തു നിൽപ്പാണ് സ്വകാര്യ ബസ് കുത്തകകൾ നടത്തിയത്. നേരിട്ട് രാഷ്ട്രീയ സമ്മർദ്ദത്തോടൊപ്പം, സ്വകാര്യ മേഖലയിലെ ട്രേഡ് യൂണിയനുകളെ ഉപയോഗിച്ച് വിധി നടപ്പാക്കുന്നതിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെ ഉറപ്പു വരുത്തണമെന്ന് നിലപാടാണ് അവർ സ്വീകരിച്ചത്. സ്വകാര്യ ബസ് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി റദ്ദു ചെയ്യാത്തതിനാൽ യുഡിഎഫ് സർക്കാർ സപ്ളിമെന്റേഷൻ സ്കീമിൽ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ ബസുകൾക്കും തുടർന്നും സർവ്വീസ് നടത്താനും, കാലാവധി കഴിഞ്ഞാൽ പെർമിറ്റ് പുതുക്കാനും അനുമതി നൽകി ദേശസാൽക്കരണ വിജ്ഞാപനം ഭേദഗതി ചെയ്തു ഉത്തരവിറക്കി. 
നേരിട്സ്വട്കാര്യ ബസ്മേഖലയിലെ മേഖലയിലുള്ള റൂട്ടുകളിലധികവും സപ്ളിമെന്റേഷൻ സ്കീം പരിധിയിൽ വരുന്ന റൂട്ടുകളായിരുന്നു. പലപ്പോഴായി അധികാരം ലഭിച്ച ഇടതു പക്ഷ സർക്കാരുകൾ പോലും കേരളത്തിലെ പാസഞ്ചർ ട്രാൻസ്പോർട്ട് രംഗത്തെ സ്വകാര്യ കുത്തകയെ നിയന്ത്രിച്ച് പൊതുമേഖലയെ വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. തിരുക്കൊച്ചി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് 1956 ൽ കേരള പിറവിയെ തുടർന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്ന് പേരുമാറ്റിയെങ്കിലും പ്രയോഗത്തിൽ പഴയ തിരുക്കൊച്ചിയിൽ മാത്രമായി ചുരുങ്ങി നിന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 44 ശതമാനം നിവസിക്കുന്ന മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി യുടെ ആകെ ഷെഡ്യൂളുകളിൽ 23 ശതമാനം മാത്രമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. 1971 ൽ തമിഴ് നാട്ടിലെ മുഴുവൻ പാസഞ്ചർ ട്രാൻസ്പോർട്ട് സർവ്വീസുകളും പൊതുമേഖലയിൽ ആക്കിയെങ്കിൽ പഴയ മദ്രാസിൽ നിന്ന് കേരളത്തിന് ലഭിച്ച മലബാർ മേഖല ആകട്ടേ ഇപ്പോഴും സ്വകാര്യ കുത്തകകളുടെ നിയന്ത്രണത്തിലാണ്.
കേരളപ്പിറവിയെ തുടർന്ന് മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെട്ടത് 1967 ൽ കോഴിക്കോട് യൂണിവേഴ്സിറ്റിയും, പിന്നീട് കണ്ണൂർ യൂണിവേഴ്സിറ്റിയും രൂപീകരിച്ചതോടെയാണ്. സർക്കാരോ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നിയമനത്തിൽ മലബാറിന് പ്രാതിനിധ്യം ലഭിച്ചത് പബ്ളിക് സർവ്വീസ് കമ്മീഷൻ റവന്യൂ ജില്ലാടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് നടത്തിയത് മൂലമാണ്. സമാനമായ രീതിയിൽ കേരളത്തിലെ പൊതു മേഖലാ പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം സന്തുലിതാവസ്ഥയിൽ എല്ലാ ജില്ലകളിലും ലഭിക്കാൻ ഉതകും വിധം മേഖലാടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്റ് ഉറപ്പു വരുത്തുന്ന പ്രവർത്തന സ്വാതന്ത്ര്യം ഉള്ള വികേന്ദ്രീകരണം നടപ്പാക്കാൻ കഴിയാതെ വന്നതാണ് മലബാറിലെ പിന്നോക്കാവസ്ഥക്ക് കാരണം
തമിഴ് നാട്ടിലും , കർണ്ണാടകയിലും ആന്ധ്രയിലും ഉണ്ടായ പൊതുമേഖലാ വികാസം കേരളത്തിന് കൈവരിക്കാൻ കഴിയാത്തതിന് നാളിതുവരെ ഭരിച്ച ഇടത്/ വലത് സർക്കാരുകൾ ഉത്തരവാദികളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ