2023 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

ഇനി താക്കീതും ഉപദേശവുമില്ല; ട്രക്കും ബസും 'ഇടത്' ചേർന്നില്ലെങ്കിൽ പിഴ ഇടാൻ എം.വി.ഡി.

നാലുവരി, ആറുവരി ദേശീയപാതകളിൽ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം.

ദേശീയപാതകളിൽ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് പരിശോധന തുടങ്ങി. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നൽകുന്ന ഘട്ടവും പിന്നിട്ടതോടെ പിഴയീടാക്കാനുള്ള നടപടികളാണ് എൻഫോഴ്സ്മെന്റ് വിഭാഗം സ്വീകരിക്കുന്നത്. 'ലെയ്ൻ ട്രാഫിക്' നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരിൽനിന്ന് 1,000 രൂപ പിഴയീടാക്കാനാണ് നിർദേശം.

ആദ്യഘട്ടമെന്നനിലയിൽ വാളയാർമുതൽ ആലുവവരെയുള്ള പാതയിലാണ് ചൊവ്വാഴ്ച പരിശോധന തുടങ്ങിയത്. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന. യാത്ര ഇടതുവശത്തൂകൂടി മാത്രമേ പാടുള്ളൂവെന്നും വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാവൂ എന്നുമാണ് 'ലെയ്ൻ ട്രാഫിക്' നിയമം. ജനുവരി ഏഴുമുതൽ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും പിന്നീട് താക്കീത് നൽകുകയും ചെയ്തിരുന്നു.

2022 ഒക്ടോബറിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ബസ്സപകടം നടന്നത് വാളയാർ-വടക്കഞ്ചേരി നാലുവരി ദേശീയപാതയിലെ അഞ്ചുമൂർത്തിമംഗലത്താണ്. അന്ന് ലെയ്ൻ ട്രാഫിക് പാലിക്കാതിരുന്നതായിരുന്നു അപകടകാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതിനൊപ്പം, നിയമസഭാ സബ്ജക്ട് കമ്മിറ്റിയും ലെയ്ൻ ട്രാഫിക് നിയമം നടപ്പാക്കാൻ കർശന നിർദേശം നൽകിയിരുന്നു. ദേശീയ, സംസ്ഥാന പാതകളിലാണ് അപകടങ്ങൾ കൂടുതലുള്ളതെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്. 

നാലുവരി, ആറുവരി ദേശീയപാതകളിൽ വേഗപരിധി കുറഞ്ഞ വാഹനങ്ങൾ ഇടതുട്രാക്കിലൂടെ പോകണമെന്നാണ് നിയമം. ചരക്കുവാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ യാത്രാവാഹനങ്ങൾ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങൾ. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോൾ മാത്രമേ വലതുട്രാക്കിലേക്ക് കയറാൻ പാടുള്ളൂ. തുടർന്ന് ഇടതുട്രാക്കിൽത്തന്നെ യാത്ര തുടരണമെന്നും നിയമത്തിലുണ്ട്. വേഗപരിധി കൂടിയ കാർ, ജീപ്പ്, മിനി വാൻ തുടങ്ങിയവയ്ക്ക് വേഗത്തിൽ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കിൽ ഇടതുട്രാക്ക് ഉപയോഗിക്കണം. 

https://lm.facebook.com/l.php?u=https%3A%2F%2Fwww.mathrubhumi.com%2Fauto%2Fnews%2Fthe-motor-vehicle-department-has-started-checking-to-find-violation-of-lane-traffic-rule-in-highways-1.8274134&h=AT0UOS6M481AuGqrbVozdBXfDSXshnf0qxLCEX9dd7u0HP3wsu3YTnQ9aLlbyRmEJIN1K-QXB4zC0gB8G_OF4WXFOUgX58E-BLgNH3I8SGeJQHlWLNXpoHoVXdEGphOh6xf7

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ