2023 നവംബർ 26, ഞായറാഴ്‌ച

ടൂറിസ്റ്റ് പെർമിറ്റുകാർക്ക്‌ സ്റ്റെയ്ജ് കാരിയറായി ഓടിക്കാനാകില്ല. എഴുത്ത്.കെ.ജെ.ജേക്കബ്

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കേന്ദ്ര സർക്കാരിന്റെ വിഡിയോയും കണ്ടുകഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു കാര്യം മനസിലായിക്കാണണം: വിനോദ സഞ്ചാരമേഖല പ്രോത്സാഹിപ്പിക്കാനും ആ രംഗത്തുള്ള സംരംഭകർക്ക്‌ നേരിടേണ്ടിവരുന്ന ചില പ്രായോഗിക വിഷമതകൾ ഇല്ലാതാക്കാനും ചില സൗകര്യങ്ങൾ പുതുതായി ഏർപ്പെടുത്താനുമാണ് കേന്ദ്ര സർക്കാർ ബന്ധപ്പെട്ട ചട്ടങ്ങൾ ഈ വര്ഷം ഭേദഗതി ചെയ്തത്. (ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്) അതുവച്ച് ടൂറിസ്റ്റ് പെർമിറ്റുകാർക്ക്‌ സ്റ്റെയ്ജ് കാരിയറായി ഓടിക്കാനാകില്ല. 

***
നമ്മുടെ നിയമം അനുസരിച്ച് പൊതു ഗതാഗതത്തിനു രണ്ടുതരം വിഭാഗങ്ങളാണുള്ളത്: സ്റ്റെയ്ജ് കാരിയർ; കോണ്ട്രാക്റ്റ് കാരിയർ. രണ്ടിനും പ്രത്യേകം പ്രത്യേകം ചട്ടങ്ങളുമുണ്ട്. അതിൽ കോണ്ട്രാക്റ്റ് കാരിയറുകൾക്കു ടൂറിസം പെർമിറ്റ് കിട്ടും. ഒപ്പം കുറെ കർശന നിബന്ധനകളുമുണ്ട്. 

ഉദാഹരണത്തിന് അവർ നടത്തുന്നത് സർക്കുലർ സർവീസാണെകിൽ അത് നോട്ടിഫൈ ചെയ്ത  ടൂറിസ്റ്റ് കേന്ദ്രമായിരിക്കണം; പോകേണ്ട ഓരോ സംസ്‌ഥാനത്തുനിന്നും അപേക്ഷ കൊടുത്ത് ഫീസടച്ച് പെർമിറ്റ് വാങ്ങണം. തുടങ്ങിയടത്തുതന്നെ തിരിച്ചെത്തിയാൽ അക്കാര്യം  ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്നു കോപ്പി കൈയിലുണ്ടാവണം; ബസ് സ്റ്റാൻഡുകളിൽ കയറാൻ പാടില്ല. 

പിന്നെയുമുണ്ട് കാക്കത്തൊള്ളായിരം നിബന്ധനകൾ.  

സത്യത്തിൽ ആ ചട്ടങ്ങളൊക്കെ വച്ച് ഇത്ര കാലം ടൂറിസം ഓപ്പറേഷൻ നടത്തിയ സംരംഭകരെ സമ്മതിക്കണം!

കേന്ദ്ര സർക്കാർ മിക്കവാറും ഇത്തരം നൂലാമാലകൾ ഒഴിവാക്കി,  അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എന്നൊരു പുതിയ പെർമിറ്റ് ഏർപ്പെടുത്തി. അതുവച്ചു ഇവിടെനിന്നു ആഗ്രയ്ക്കു പോകാൻ ഓരോ സംസ്‌ഥാനത്തുനിന്നും പെർമിറ്റും ലൈസന്സുമൊന്നും ഒന്നും വേണ്ട. പോയിട്ട് ഇങ്ങോട്ടുതന്നെ വരണമെന്നില്ല, അവിടെനിന്നു നിങ്ങള്ക്ക് വേറെ എങ്ങോട്ടെങ്കിലും പോകണമെങ്കിൽ പോയിട്ട് സൗകര്യം പോലെ വന്നാൽ മതി.   വരുന്ന കാര്യം അറിയിക്കണമെന്ന നിയമമൊക്കെ മാറ്റി.  

കൂടെ ചില്ലറ ആനുകൂല്യങ്ങള് കൂടുതലായി കൊടുത്തു. ഉദാഹരണത്തിന് ബസ് സ്റ്റാൻഡിൽ കയറാൻ പാടില്ല എന്ന ചട്ടം മാറ്റി. 

ഒരു ടൂറിസ്റ്റ് ബസിനു അതെങ്ങിനെ ഗുണകരമാകും? 

തിരുവനന്തപുരത്തുനിന്നു മൂകാംബികയിലേക്കു പോകുന്ന ടൂറിസ്റ്റ് ബസിൽ കയറാൻ എനിക്ക് കാക്കനാട്ട് നിന്ന് കലൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി അവിടെ നിന്നും ടൂർ പാർട്ടിയ്‌ക്കൊപ്പം ചേരാം. പഴയ ചട്ടമനുസരിച്ച് അത് നടക്കില്ല. 

യാത്രക്കാരുടെ ലിസ്റ്റിന്റെ മൂന്നു കോപ്പി എന്നത് ഒരു ഇലക്ട്രോണിക് കോപ്പി മാറ്റി എന്നാക്കി.  

പുതിയ ചട്ടങ്ങളിൽ ഒഴിവാക്കിയ 82 മുതൽ 85A വരെയുള്ളവ വായിച്ചുനോക്കിയാൽ ആർക്കും മനസിലാകും സർക്കാർ എത്ര ധാരണയോടുകൂടിയാണ് അത് ചെയ്തതെന്ന്. (ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്)  

ഒഴിവാക്കിയ ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനം സ്റ്റെയ്ജ് കാരിയർ ആയി ഉപയോഗിക്കരുത് എന്ന ചട്ടവുമുണ്ട്. 

അതിനർത്ഥം ടൂറിസ്റ്റ് വാഹനം സ്റ്റെയ്ജ് കാരിയർ ആയി ഓടിക്കാം എന്നാണെന്നാണ് റോബിൻ ബസ് ആവേശക്കമ്മിറ്റ്കാർ വാദിക്കുന്നത്.   

എന്തൊരു വിതണ്ഡവാദമാണിത്! സ്റ്റെയ്ജ് കാര്യരായി ഉപയോഗിക്കേണ്ട വാഹനങ്ങളുടെ കാര്യത്തിൽ കാണ്ഡം കാണ്ഡമായി നിയമത്തിലും ചട്ടങ്ങളിലും വിശദമായി പറയുന്നുണ്ട്. ടൂറിസ്റ്റ് ഓപറേറ്ററുടെ ടൂരിസ്റ്റ് വാഹനത്തിനു മാത്രമാണ് ടൂറിസ്റ്റ് പെർമിറ്റ്  അനുവദിക്കുന്നത് എന്ന് പുതിയ ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. 

അതൊന്നും നമ്മുടെ ഉല്സാഹക്കമ്മിറ്റി സമ്മതിക്കില്ല. 

ടൂറിസ്റ്റ് വാഹനങ്ങൾക്കു കൊടുത്ത ആനുകൂല്യങ്ങളിൽ ചിലതു സ്റ്റെയ്ജ് കാരിയറുകളുടേതാണ് എന്നതുകൊണ്ട് അവ സ്റ്റെയ്ജ് കരിയറുകളാക്കി ഓടിക്കാം എന്നൊക്കെയാണ് അവരുടെ വാദം. 

കലൂര് നിന്ന് ആലുവയ്ക്കു പോകുന്ന വണ്ടിയുടെ അതേ ചട്ടങ്ങളാണ് കലൂര് നിന്ന് ആഗ്രയ്ക്കു പോകുന്ന വണ്ടിയ്ക്കും എന്ന്!  

തത്കാലം ആ വാദം അംഗീകരിക്കാൻ പറ്റില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.  

ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ ദുരുപയോഗപ്പെടുത്തിയും നിയമത്തെ ദുർവ്യാഖ്യാനം നടത്തിയും  അത് നടപ്പാക്കാൻ നടക്കുന്ന ഉദ്യോഗസ്‌ഥന്മാരെയും സർക്കാരിനെയും വെല്ലുവിളിച്ചും ഇക്കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാം എന്ന് ആരാണ് ഈ മനുഷ്യർക്ക് ഉപദേശം നൽകുന്നത്!

നിയമലംഘകർക്ക് വേണ്ടി കൊട്ടേഷൻ എടുത്തു നടക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്. 

എന്ത് പറയാനാണ്!  

***

ഇത്രയുമൊക്കെ  പറഞ്ഞിട്ടും മനസിലാകാത്തവർക്കുവേണ്ടി ഏകദേശം ഒരുദാഹരണം പറഞ്ഞുനിർത്താം.

നിങ്ങളുടെ ഒരു അടുത്ത ബന്ധു പഠനാർത്ഥം നിങ്ങളുടെ വീട്ടിൽ താമസിക്കുന്നു എന്നിരിക്കട്ടെ. 

ഉദാരമതികളായ നിങ്ങളുടെ മാതാപിതാക്കൾ ആ ബന്ധുവിനെ നിങ്ങളെപ്പോലെ കരുതുന്നു. വീട്ടിൽ ഒരു പോലെ കണ്ടു പെരുമാറുന്നു; വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാൻ ബന്ധുവിന് അനുവാദം കൊടുക്കുന്നു. എന്തിന്, നിങ്ങളെപ്പോലെ സ്‌കൂളിൽ നിന്നും  വരുമ്പോൾ അടുത്ത ബേക്കറിയിൽനിന്നു ഇഷ്ടമുള്ളത് കൊടുത്തേക്കാൻ ബേക്കറിക്കാരനെ ചുമതലപ്പെടുത്തുക കൂടി ചെയ്യുന്നു.

അതിനർത്ഥം നിങ്ങളുടെ മാതാപിതാക്കളുടെ സ്വത്തിനു ബന്ധുവിന് അർഹതയുണ്ട് എന്നല്ല. അങ്ങിനെയൊരു അവകാശവാദം ഉന്നയിച്ചാൽ ആരും വകവയ്ക്കില്ല. കാരണം രണ്ടുപേരും രണ്ടു വിഭാഗങ്ങളിൽപെട്ട മനുഷ്യരാണ്; ചില ആനുകൂല്യങ്ങൾ ഒരേപോലെ അനുഭവിക്കുന്നു എന്നതുകൊണ്ട്  ഒരേ കാറ്റഗറി ആകുന്നില്ല. രണ്ടിന്റെയ്യും നിർവ്വചനങ്ങൾ വേറെ വേറെ അവിടെ കിടക്കുന്നുണ്ട്.  

അതാണ് ഇപ്പോൾ ഹൈക്കോടതി ഒരു ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്.   

ആവേശക്കമ്മിറ്റിക്കാർ പിരിഞ്ഞുപോയാൽ അവർക്കു നല്ലത്; അല്ലെങ്കിൽ കെ എൻ ബാലഗോപാലിനു നല്ലത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ