കെ.എസ്.ആര്‍.ടി.സി യില്‍ നിലവിലുള്ള പ്രതിസസന്ധി പരിഹരിക്കപ്പെടണമെങ്കിൽ ഒരു വാണിജ്യ സ്ഥാപനം ആണ് എന്ന തിരിച്ചറിവിൽ അടിമുടി പുനസംഘടിപ്പിക്കണം. ഡയറക്ടർ ബോർഡുകളിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കി വ്യവസായ മാനേജ്മെന്റ് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണം. കെ.എസ്.ആര്‍.ടി.സി സർക്കാർ ഡിപ്പാർട്ടുമെന്റ് അല്ല എന്നതുകൊണ്ട് കെ .എസ് .ആർ ഒഴിവാക്കി വാണിജ്യ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇണങ്ങുന്ന പുതിയ പ്രവർത്തന ചട്ടങ്ങൾക്ക് രൂപം കൊടുക്കണം.
ഇപ്പോഴത്തെ പ്രതിസന്ധിക്കു കേന്ദ്ര സംസ്ഥാന ഭരണത്തിൽ നാളിതുവരെ പങ്കാളിത്തം വഹിച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഉത്തരവാദികളാണ്.1991 ൽ നടപ്പിലാക്കിയ നവ ഉദാരവല്‍ക്കരണ നയത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് സ്ഥാപനങ്ങള്‍ക്ക് മൂലധന നിക്ഷേപങ്ങള്‍ നടത്തുന്ന സമ്പ്രദായം പൂര്‍ണ്ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. പഴയ സ്ഥിതി പുന സ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ കേവലം ദിവാസ്വപ്നം മാത്രമായിരിക്കും. ഈ നയത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് തൊഴിലാളികളുടെ മുമ്പില്‍ INTUC, BMS സംഘടനകള്‍ പറയാറുണ്ടെങ്കിലും അവര്‍ക്ക് ഊര്‍ജ്ജം നല്‍കി സംരക്ഷിക്കുന്ന കോണ്‍ഗ്രസോ, ബി.ജ.പിയോ ഈ നയത്തില്‍ നിന്നും പിന്‍മാറാന്‍ ഇനിയും തയ്യാറായിട്ടില്ല. പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക ക്ഷമതയുടെ മാത്രം അടിസ്ഥാനത്തിലാണ് ഇനി ആര്‍.ടി.സി കളുടെ ഭാവി.
പദ്ധതി വിഹിതത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന കേന്ദ്ര വിഹിതം കുറഞ്ഞു വരുന്നത് സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ഭദ്രതക്ക് ഏൽപ്പിക്കുന്ന ആഘാതവും ചെറുതല്ല. കൂനിന്മേൽ കുരു എന്നത് പോലെ കേന്ദ്ര സർക്കാർ ഇതിനകം പാസാക്കിയ മോട്ടോർ വാഹന നിയമ ഭേദഗതികൾ ആർ.ടി.സി കൾക്ക് ഇന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പല മുന്‍ഗണനാ ആനുകൂല്യങ്ങളും നിർത്തലാക്കുന്നതും സ്വകാര്യ മേഖലക്ക് അനുകൂലമായതുമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുക. സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട പല നികുതി വരുമാനങ്ങളും കവർന്നെടുക്കുന്ന പരിഷ്കാരങ്ങളാണ് തുടർച്ച ആയി കേന്ദ്ര സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . ദീർഘ വീക്ഷണമില്ലാതെ പെട്ടെന്ന് പ്രഖ്യാപിച്ച് നടപ്പിലാക്കിയ നോട്ടു നിരോധനം , ജി.എസ് .ടി പരിഷ്‌കാരങ്ങൾ ,മദ്യനിരോധനവുമായി ബന്ധപ്പെട്ട കോടതി വിധി ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ , ജി.എസ് ടി യുടെ മറവിൽ അന്യ സംസ്ഥാന ലോട്ടറിയുടെ കടന്നു വരവ് തുടങ്ങി പലതും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന യാഥാർഥ്യത്തെ ഞാൻ കാണാതിരിക്കുന്നില്ല. അതുകൊണ്ടു തന്നെ കെ.എസ്. ആർ.ടി.സി യുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വന്‍ തോതില്‍ സാമ്പത്തിക സഹായം നൽകാനുള്ള സാമ്പത്തിക പരിമിതികളും ബോധ്യമുണ്ട്. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക സഹായം ഇനിയും ലഭ്യമാക്കപ്പെട്ടിട്ടില്ല എന്ന വിമർശനം സർക്കാർ ഗൗരവത്തിൽ എടുക്കേണ്ടതാണ്. നാളിതുവരെയുള്ള കടബാധ്യതകൾ പൂർണ്ണമായും സർക്കാർ ഓഹരികളായി മാറ്റി വ്യവസായത്തെ കടവിമുക്ത സ്ഥാപനമായി മാറ്റണം .ഭാവിയിൽ കടത്തെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ കഴിയാവുന്ന ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ ആയിരിക്കണം വ്യവസായത്തില്‍ ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകളും ക്രിയാത്മകമായ സഹകരണം നല്‍കണം. വ്യവസായത്തിന്റെ സാമ്പത്തിക ഭദ്രത കാര്യക്ഷമായിരുന്ന കാലത്തെ കീഴ്‌വഴക്കങ്ങള്‍ക്കു പകരം തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള പുതിയ ഉല്‍പ്പാദന ബന്ധ വ്യവസ്ഥകളായിരിക്കണം നടപ്പിലാക്കേണ്ടത്.
ആർ .ടി .സി ആക്ട് സെക്ഷൻ 22 അനുസരിച്ചു കെ.എസ്.ആർ.ടി.സി സ്വതന്ത്രമായി പ്രവർത്തിക്കേണ്ട വാണിജ്യ സ്ഥാപനം ആണ് .
22. General principle of Corporation’s finance.—It shall be the general principle of a Corporation that in carrying on its undertaking it shall act on business principles.
നയപരമായ കാര്യങ്ങളൊഴിച്ചു മറ്റൊരു ദൈനംദിന പ്രവത്തനങ്ങളിലും ഇടപെടാനുള്ള അധികാരം സർക്കാരിനുള്ളതല്ല. അതു കൊണ്ടു തന്നെ ആര്‍.ടി.സി ആക്ട് തത്വങ്ങള്‍ക്ക് വിരുദ്ധമായി വ്യവസായ നടത്തിപ്പിൽ നടത്തുന്ന എല്ലാ ബാഹ്യ ഇടപെടലുകൾക്കും അവസാനമുണ്ടാകണം .സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ പേരിൽ അനാദായകരമായ സർവീസുകൾ നടത്തേണ്ടി വന്നാൽ അവക്കുണ്ടാകുന്ന നഷ്ടം കൃത്യമായി കണക്കാക്കി നഷ്ടപരിഹാരം സമയാ/സമയത്തു സർക്കാരിൽ നിന്നും ഗ്രാൻറ് ആയി നല്കാൻ സംവിധാനം ഉണ്ടാകണം . സാമൂഹ്യ ബാദ്ധ്യതയുടെ പേരില്‍ ഉണ്ടാകുന്ന നഷ്ടം സംബന്ധിച്ച് കെ.എസ്..ആര്‍.ടി.സി പ്രചരിപ്പിക്കുന്ന കണക്കുകള്‍ പലതും ഊതിപ്പെരുപ്പിക്കുന്നതാണെന്നും, വസ്തുനിഷഠമല്ലെന്നും ഉള്ള വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരാറുണ്ട്. അതുകൊണ്ട് തന്നെ നഷ്ടം കണക്കാക്കുന്നത് സമൂഹത്തിനാകെ ബോധ്യപ്പെടുന്ന അളവു രീതി അനുസരിച്ചാകണം.
പ്രദേശിക യാത്രാവശ്യം കാര്യക്ഷമമായി നടത്താൻ കഴിയണമെങ്കിൽ എം പി , എം.എൽ.എ ഫണ്ടുകൾ ബസുകൾ വാങ്ങുന്നതിനും , ഡിപ്പോകളുടെ നിർമ്മാണങ്ങൾക്കും കുടി ഉപയോഗിക്കാൻ കഴിയണം. നിലവിലുള്ള ഓർഡിനറി - ദീർഘദൂര സർവീസ് അനുപാതത്തിൽ സമൂലമായ മാറ്റങ്ങള്‍ വരുത്തി ദീർഘദൂര സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നിനും ഓരോ ബസിന്റെയും പ്രതിദിന കി.മി ഓപ്പറേഷന്‍, അഖിലേന്ത്യാ ശരാശരിക്ക് ഒപ്പം എത്തിക്കാനും കഴിയണം. കെ.എസ്.ആര്‍.ടി.സിയുടെ പെര്‍ഫോമന്‍സിനെ വിലയിരുത്തേണ്ടത് ഇതര ആര്‍.ടി.സി കളും ആയിട്ടായിരിക്കണം.
മലബാർ മേഖലയിൽ കൂടുതൽ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനു പുതിയ ചെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള നീക്കം സ്വാഗതാർഹം തന്നെ . ഇവ ഫലപ്രദമായി ഓപ്പറേറ്റ് ചെയ്യാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഇപ്പോൾ മലബാർ മേഖലയിലുള്ള ഡിപ്പോകൾക്കില്ലെന്ന തിരിച്ചറിവ് അധികാരികൾക്ക് ഉണ്ടാകണം. അതുകൊണ്ടു തന്നെ മലബാറിലെ ജനവാസ കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു പുതിയ ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനു നടപടി ഉണ്ടാകണം. പുതിയ ബസ് സ്റ്റേഷനുകള്‍ യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഉള്ളതാകണം. അടിമുടി ആധുനികവൽക്കരണം ആധുനിക വിവര സാങ്കേതിക വിദ്യകളെ പൂർണ്ണമായി ഉൾക്കൊണ്ടു നടപ്പിലാക്കാൻ അടിയന്തിര നടപടി ഉണ്ടാകണം. ഇവയൊക്കെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക പരിജ്ഞാനമുള്ളവർക്കു നിയമനം നൽകണം .
പുതിയ ടൈം ഷെഡ്യൂളുകൾ തയ്യാറാക്കാനും ഭേദഗതി ചെയ്യാനും ഉള്ള കേന്ദ്രീകൃത സംവിധാനം കാര്യക്ഷമമാക്കണം. പ്രാദേശിക അടിസ്ഥാനത്തിലുള്ള സമയ മാറ്റങ്ങൾ ഒരിക്കലും അനുവദിക്കരുത് . ഓരോ ഡി പ്പോകളിലെയും ഷെഡ്യൂളുകളുടെ ലാഭ നഷ്ടം ഡിപ്പോ അടിസ്ഥാനത്തില്‍ അതാതു ദിവസം തന്നെ കണക്കാക്കി നഷ്ടം ഒഴിവാക്കുന്നതിനും, വരുമാനം വര്‍ദ്ധിപ്പിക്കനും തുടര്‍ നടപടിയുണ്ടാകണം.
ദേശ സാല്‍കൃത റൂട്ടുകളിലെ അനധികൃത സ്വകാര്യ ബസുകളെ ഒഴിവാക്കാന്‍ തീവ്രയത്ന നടപടികള്‍ ഉണ്ടാകണം. സപ്ളിമെന്റേഷന്‍ സ്കീം അനുസരിച്ച് ദേശസാല്‍ക്കരിച്ച 31 റൂട്ടുകളില്‍ ഇപ്പോള്‍ ഓടുന്ന 100 കി.മി ദൂര പരിധിക്ക് അപ്പുറമുള്ള സര്‍വ്വീസുകള്‍ ആദ്യ ഘട്ടമെന്ന നിലയില്‍ പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കണം. ഇങ്ങിനെ ഏറ്റെടുക്കുന്ന റൂട്ടുകളിൽ സർവ്വീസ് നടത്തുന്നതിന് വിഭവ ശേഷിയുടെ കുറവുണ്ടെങ്കിൽ താൽക്കാലിക നടപടിയെന്ന നിലയിൽ ബസുകൾ വാടകക്ക് എടുത്തായാലും റൂട്ടുകൾ സംരക്ഷിക്കാൻ കഴിയണം. കേരളത്തിന് പുറത്ത് കർണ്ണാടക , തെലുങ്കാന ,ആന്ധ്ര സംസ്ഥാനങ്ങളിൽ വാടക വണ്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ വൈദ്യുതി ബോർഡും, പൊതുമേഖലാ ബാങ്കുകളും വാടകക്ക് എടുക്കുന്ന വാഹനങ്ങളിലാണ് ഔദ്യോഗിക യാത്രാവശ്യങ്ങൾ നിറവേറ്റുന്നത്.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ശമ്പളവും , പെന്‍ഷനും മുടങ്ങുന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല. മാസം അവസാനിച്ച് തൊട്ടടുത്ത മാസത്തെ പത്തു ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്ന നിയമ വ്യവസ്ഥ ലംഘിക്കപ്പെടുന്നു.1984 മുതല്‍ നിലനില്‍ക്കുന്നതും 1990 ലെ ഉഭയ കക്ഷി കരാര്‍ പ്രകാരം സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതുമായ പെന്‍ഷനും മാസങ്ങളോയി നിഷേധിക്കപ്പെടുന്നു. ഈ അവസ്ഥ ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദനത്തിന്റെ ലംഘനവുമാണ്. ഈ സ്ഥിതി തുടരാന്‍ അനുവദിക്കരുത്.
ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ ബസുകളെ ഒഴിവാക്കാന്‍ സമയബന്ധിത നടപടികള്‍ ഉണ്ടാകണം. കോണ്‍ട്രാക്ട് കാരിയേജുകളുടെ അനധികൃത സമാന്തര സര്‍വ്വീസുകളെ കര്‍ശനമായി തടയണം. വിവിധ തസ്തികകളിലെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ കാലോചിതമായ മാററങ്ങളുണ്ടാകണം, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് പ്രൊഫഷണല്‍ ബിരുദധാരികളെ ഉള്‍ക്കോള്ളാന്‍ കഴിയത്തക്ക തുറന്ന മാറ്റങ്ങൾ റിക്രൂട്ട്മെന്റ് / പ്രമോഷൻ രീതികളിൽ ഉണ്ടാകണം. മുമ്പ് ഡിപ്പാർട്ട്മെന്റ് ആയിരുന്ന കാലത്ത് ബിരുദധാരി കളെ കണ്ടക്ടർമാരായി നിയമിച്ചിരുന്നു. അന്നത്തെ പ്രമോഷൻ വ്യവസ്ഥ കണ്ടക്ടർ നിയമനത്തിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി ആയി ചുരുക്കിയപ്പോഴും തുടരുന്നതിൽ അർത്ഥമില്ല. മാനേജ്മെന്റ് / സാങ്കേതിക വൈഭവം ഒരു പഠനശാഖയായി വികസിച്ച് യോഗ്യത നേടിയ നിരവധി പ്രൊഫഷണലുകൾ കേരളത്തിൽ ഉള്ളപ്പോഴും വിവിധ തസ്തികളിലെ റിക്രൂട്ട്മെന്റ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിൽ കാലോചിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നില്ല എന്നതും വ്യവസായത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതിന് പരിഹാരം എന്ന കണ്ടെത്താനുള്ള ഇഛാശക്തിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.
ഈ കുറിപ്പില്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരമാണ്. എന്റെ വീക്ഷണത്തോട് എന്റെ സുഹൂത്തുക്കളടക്കം പലര്‍ക്കും വിയോജിപ്പുണ്ടാകം, യോജിപ്പുണ്ടാകാം. 32 വര്‍ഷത്തെ തൊഴിലാളി ,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്വയം വിമര്‍ശന ബോധത്തോടെ പ്രകടിപ്പിക്കുന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ