1938 ൽ 60 ബസുകളുമായി ഇന്ത്യയിൽ രൂപം കൊണ്ട രണ്ടാമത്തെ പൊതുമേഖലാ ട്രാൻസ് പോർട്ട് സംവിധാനമാണ് തിരുപതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്.
27 ബസുകളോടെ 1932 ൽ ആരംഭിച്ച ആന്ധ്ര ട്രാൻസ്പോർട്ട് ആണ് ഇന്ത്യയിൽ ആദ്യത്തെ പൊതുമേഖല ഗതാഗത സ്ഥാപനം. 1948 ൽ ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ ആർടിസി ആക്ട് പ്രകാരം ബോംബെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1949 ൽ ആരംഭിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ ഗതാഗത സംവിധാനമായിരുന്നു ബോംബെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
ബോബെ ഹൈക്കോടതി ഈ നിയമം റദ്ദു ചെയ്തതിനെ തുടർന്നാണ് ഇന്ത്യൻ പാർലമെന്റ് 1950 റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് പാസാക്കിയത്. ഈ ആക്ട് വ്യവസ്ഥകളനുസരിച്ചാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ രൂപീകൃതമായത്.
കേന്ദ്ര സർക്കാർ റെയിൽവെ വഴി മുന്നിൽ ഒന്നും സംസ്ഥാന സർക്കാരുകൾ മുന്നിൽ രണ്ടും എന്ന അനുപാതത്തിലായിരുന്നു മൂലധന നിക്ഷേപം.
1950 ൽ ഇന്ത്യൻ പാർലമെന്റ് റോഡ് ട്രാൻസ്പോർട്ട് ആക്ട് പാസാക്കിയെങ്കിലും കേരളത്തിൽ ആ ആക്ട് പ്രകാരം സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് കോർപ്പറേഷനായി മാറുന്നത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം 1965 ൽ മാത്രമാണ്.
ദേശീയ അടിസ്ഥാനത്തിലുണ്ടായ മാറ്റങ്ങളോട് മുഖം തിരിച്ച് കോർപ്പറേഷനായി മാറാൻ പതിനഞ്ച് വർഷം നഷ്ടപ്പെടുത്തിയത് മൂലം കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട മൂലധന നിക്ഷേപം നഷ്ടപ്പെടുന്നതിന് ഇടയാക്കി. പശ്ചാത്തല സൗകര്യങ്ങൾ അടക്കം വിപുലപ്പെടുത്തി വ്യക്തമായ ആസൂത്രണത്തോടെയുള്ള വികസനകാഴ്ചപ്പാടിന്റെ കുറവ് മൂലം കേന്ദ്ര സർക്കാരിൽ നിന്ന് മൂലധനം നിക്ഷേപമായി ലഭിക്കുമായിരുന്ന സഹസ്രകോടികളാണ് നഷ്ടമായത്. റോഡ് ട്രാൻസ്പോർട്ട് ആക്ട് രൂപം കൊണ്ട 1950 ന് ശേഷം 1957 വരെ കേരളം ഭരിച്ചിരുന്നത് കോൺഗ്രസിന് പങ്കാളിത്തമുള്ള സർക്കാർ ആയിരുന്നു അധികാരത്തിലിരുന്നത്.. 1957 ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന് തുടക്കം മുതൽ നേരിടേണ്ടി വന്ന വിമോചന തെരുവ് സമരം മൂലം കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പുറത്ത് പോകേണ്ടി വന്നതിനാൽ ആ സർക്കാരിനും ഈ കടമ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.വിമോചന സമരത്തെ തുടർന്ന് 1960 മുതൽ 1965 വരെ കേരളം ഭരിച്ചിരുന്നതും കോൺഗ്രസ് സർക്കാർ തന്നെ. പാഴായ പതിനഞ്ച് വർഷങ്ങളിൽ പതിമൂന്ന് വർഷങ്ങളിലും ഭരണ സാരഥ്യം കോൺഗ്രസിനായിരുന്നു എന്നത് ശ്രദ്ധിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ