2023 മേയ് 25, വ്യാഴാഴ്‌ച

KSWIFT ന് എതിരായ ദുരാരോപണങ്ങൾ സ്വകാര്യ ബസ് കുത്തകകളെ സഹായിക്കാൻ

1984 ൽ വയനാടൻ കമ്പനി നിർദ്ദേശം ഉൾക്കൊള്ളുന്ന ബജറ്റ് യുഡിഎഫ് ഭരണകാലത്ത് നിയമസഭ പാസാക്കിയതാണ്. അന്ന് അതിനെതിരെ നടന്ന സമരത്തിൽ ഇന്നത്തെ ടി.ഡി.എഫ് ഘടക യൂണിയനുകളായ ഐ.എൻ.ടി.യു.സി, മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ ഒഴിച്ചുള്ള യൂണിയനുകൾ പണിമുടക്കിയപ്പോൾ വയനാടൻ കമ്പനിയെ പിന്തുണച്ച് പണിമുടക്കിൽ പങ്കെടുക്കാതെ മാറി നിന്നവരാണ് കമ്പനി ആക്ട് പ്രകാരം രൂപം കൊണ്ട KSWIFT ന് എതിരായി വിമർശനങ്ങൾ ഉയർത്തുന്ന 
ഇന്നത്തെ കോൺഗ്രസ് അനുഭാവ ടി.ഡി.എഫ് ഘടക യൂണിയനുകൾ..

1991 ൽ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ധനകാര്യ മന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച ബജറ്റ് നിർദ്ദേശ പ്രകാരം രൂപീകൃതമായ റിസോഴ്സ് കമ്മീഷൻ ശുപാർശയിൽ കെ.എസ്.ആർ.ടി.സി യെ എട്ട് കമ്പനികളായ വിഭജിക്കണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്ന അറുപത്താറ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മുപ്പത്താറ് ഡിപ്പോകൾ മാത്രം നില നിർത്തി ശേഷിക്കുന്നത് വിറ്റ് കിട്ടുന്ന പണം മൂലധനം ആയി  ഉപയോഗിച്ച് എട്ട് കമ്പനികൾ രൂപീകരിക്കാനായിരുന്നു ഉമ്മൻ ചാണ്ടി ചെയർമാൻ ആയിരുന്ന വിഭവ സമാഹരണ കമ്മീഷൻ ശുപാർശ ചെയ്തത്. കെ.എസ്.ആർ സേവന വ്യവസ്തകൾ പൂർണ്ണമായി ഒഴിവാക്കി പുതിയ സേവന വ്യവസ്ഥകൾക്ക് രൂപം നൽകാനും ആ റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു. കെ.എസ്.ആർ ഇല്ലാതാക്കി കെ.എസ്.ആർ പാർട്ട് മൂന്ന് വ്യവസ്ഥ പ്രകാരം 1984 ൽ ആരംഭിച്ച പെൻഷൻ സമ്പ്രദായം നിർത്തലാക്കണമെന്ന ശുപാർശയാണ് ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആ റിപ്പോർട്ട് നടപ്പാക്കിരുന്നെങ്കിൽ കേന്ദ്രസർക്കാരിന്റെ കീഴിലെ ഫുഡ് കോർപ്പറേഷൻ ജീവനക്കാർ ഇന്ന് അനുഭവിക്കുന്നതും , ഇന്ത്യയിലെ ഇതര എസ്.റ്റിയു  ജീവനക്കാർക്ക് നിലവിൽ ബാധകവുമായ ഇപിഎഫ് പെൻഷൻ സമ്പ്രദായം ആകുമായിരുന്നു നടപ്പിലാക്കുക.
കമ്പനി രൂപീകരണ നിർദ്ദേശം ഉൾപ്പെടയുള്ള വിഭവ സമാഹരണ കമ്മീഷൻ ശുപാർശകൾക്കെതിരെ
1993,1994 കാലഘട്ടങ്ങളിൽ നടന്ന രണ്ട് പണിമുടക്ക് സമരങ്ങളിലും പങ്കെടുക്കാതെ വിഭവ സമാഹരണ കമ്മീഷൻ ശുപാർശകളെ പിന്തുണച്ചവരിൽ ഇന്നത്തെ ഐ.എൻ.ടി.യു.സി യൂണിയനിലെ ഘടക യൂണിയനുകളായ കെ.എസ്.റ്റി.വർക്കേഴ്സ് യൂണിയൻ, കെ.എസ്.റ്റി.സ്റ്റാഫ് യൂണിയൻ, കെ.എസ്.റ്റി.ഡ്രൈവേഴ്സ് യൂണിയൻ എന്നിവകളും ഉണ്ടായിരുന്നു. ആ പഴയ ചരിത്രം മറന്നാണ് KSWIFT നെ തകർക്കാനുള്ള വ്യാജാരോപണങ്ങൾ  ഇപ്പോൾ ഉയർത്തുന്നത്

പിന്നീട് KuRTC,  KSWIFT എന്നീ രണ്ട് കമ്പനികളാണ് കേരളത്തിൽ രൂപം കൊണ്ടത്. ഇതിൽ KuRTC
യുഡിഎഫ് ഭരണകാലത്ത് രൂപം കൊണ്ട കമ്പനിയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ത്യയിലാകെ നഗര കേന്ദ്രീകൃത സർവ്വീസുകൾക്ക്  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സാമ്പത്തിക പങ്കാളിത്തത്തോടെ  KuRTC കമ്പനി രൂപം കൊണ്ടപ്പോൾ ഒരു യൂണിയനും അത് സ്വകാര്യ കമ്പനി എന്ന് ആക്ഷേപിച്ച് ഒരു എതിർപ്പും ഉന്നയിച്ചിരുന്നില്ല.

ഇപ്പോൾ  എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച KSWIFT കമ്പനി ദീർഘദൂര സർവ്വീസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യാൻ ലക്ഷ്യം വെച്ചുള്ളതാണ്. അതിനാവശ്യമായ വായ്പ കിഫ്ബി ഫണ്ടിൽ നിന്നുള്ളതാണ്. ഇന്നത്തെ സാമ്പത്തിക സ്ഥിതി വച്ച്  കെ.എസ്.ആർ.ടി.സിക്ക് ഈ വായ്പ ലഭിക്കില്ല. അതു കൊണ്ടാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങാനാണ്  KSWIFT ആരംഭിക്കുന്നത്. മുമ്പ് കമ്പനി ആക്ട് അനുസരിച്ച് യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ച KuRTC യെ സഹർഷം സ്വാഗതം ചെയ്ത യുണിയനുകൾ KSWIFT നെ ഏത് അളവുകോൽ വെച്ചാണ് സ്വകാര്യ കമ്പനി എന്ന് ആരോപിച്ച്  എതിർക്കുന്നത്. KSWIFT സ്വകാര്യ കമ്പനി എന്ന് ആരോപിക്കുന്നവർ അതിൽ ഏത് സ്വകാര്യ കമ്പനിക്കാണ് ഓഹരികൾ ഉള്ളതെന്ന് വസ്തുനിഷ്ഠമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കാൻ തയ്യാറാകുന്നമില്ല. 
ടൗൺ / സിറ്റി / ഓർഡിനറി/ ദീർഘദൂര / ആഡംബര/ അന്തർ സംസ്ഥാന സർവ്വീസുകൾ ഒരേ സെന്ററിൽ നിന്ന് തന്നെ ഓപ്പറേറ്റ് ചെയ്യുന്നത് സർവ്വീസ് ഓപ്പറേഷന്റെ കാര്യക്ഷമതയെ പ്രതികൂലമായി  ബാധിക്കുമെന്ന പഴയ കാല അനുഭവങ്ങളുടെ തിരിച്ചറിവിലാണ് തമ്ഴ്നാട്ടിൽ എട്ട് കമ്പനികൾ സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച് വികേന്ദ്രീകൃത രൂപത്തിൽ പ്രവർത്തന സ്വാതന്ത്ര്യത്തോടെ ആരംഭിച്ചത്. കർണ്ണാടകയിൽ ആർ.ടി.സി പ്രവർത്തിക്കുന്നത് വ്യത്യസ്ത കോർപ്പറേഷനുകളായാണ്. മാസങ്ങൾക്ക് മുമ്പ് വരെ കോൺഗ്രസ് ഭരണം നടത്തിയിരുന്ന പഞ്ചാബിലെ Punjab State Bus Management Company Limited (PUNBUS) കമ്പനി ആക്ട് പ്രകാരം രൂപം കൊണ്ട പൊതുമേഖലാ സ്ഥാപനമാണ്. , Punjab Roadways  സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ആണെങ്കിൽ PRTC ആർടിസി ആക്ട് അനുസരിച്ച് രൂപം കൊണ്ട കോർപ്പറേഷനാണ്. 2012 - 2013 സാമ്പത്തിക വർഷം PUNBUS കമ്പനി നേടിയ 6705.88 കോടി രൂപയുടെ ലാഭം ഉപയോഗിച്ചാണ് മറ്റ് രണ്ട് സ്ഥാപനങ്ങളും വരുത്തിയ വമ്പൻ നഷ്ടത്തിൽ സിംഹഭാഗവും നികത്തിയത്.

കർണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽ ദീർഘദൂര സർവ്വീസുകളുടെ നടത്തിപ്പിന് സ്വതന്ത്ര സംവിധാനങ്ങളാണ് നിലവിലുള്ളത്. അവയുടെ പ്രവർത്തനം സ്വതന്ത്രമെങ്കിലും ഭരണ നിർവ്വഹണം സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം നിയന്ത്രണത്തിലാണ്. അവിടെയെങ്ങും വികേന്ദ്രീകത സ്വതന്ത്ര സംവിധാനങ്ങളോട് ഇല്ലാത്ത എതിർപ്പ് കേരളത്തിൽ ഉയർത്തുന്നതിന്റെ യുക്തി എന്താണ് ?

1938 ൽ 60 ബസുകളുമായി ഇന്ത്യയിൽ രൂപം കൊണ്ട രണ്ടാമത്തെ പൊതുമേഖലാ ട്രാൻസ് പോർട്ട് സംവിധാനമാണ് തിരുപതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്.
ഇന്നത്തെ കേരളം രൂപം കൊള്ളുന്നതിന്റെ മുമ്പ് തിരുവതാംകൂറിൽ മാത്രമായി കേന്ദ്രീകരിച്ചിരുന്ന തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആണ് 1949 ൽ തിരുവതാംകൂർ കൊച്ചി സംയോജനത്തെ തുടർന്ന് തിരുക്കൊച്ചി സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ടമെന്റ് ആയി മാറിയത്.

1956 ൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസംഘടനയെ തുടർന്ന് 
കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആയി മാറി.1957 ൽ അധികാരത്തിൽ വന്ന ഇ.എം.എസ് മന്ത്രിസഭ ആലപ്പുഴ - ചങ്ങനാശേരി റൂട്ട് ദേശസാൽക്കരിച്ച് പൊതുമേഖലാ ഗതാഗത വികസനത്തിന് കരുത്ത് പകർന്നു. വിമോചന സമരത്തെ തുടർന്ന് അട്ടിമറിക്കപ്പെട്ട് ആ സർക്കാരിന് അധികാരം നഷ്ടപ്പെട്ടതിനാൽ വികസനം വീണ്ടും മുരടിച്ചു. 

വിമോചന സമരത്തെ തുടർന്ന് 1960 ൽ അധികാരത്തിൽ വന്ന പട്ടം/ ആർ ശങ്കർ കോൺഗ്രസ് മന്ത്രിസഭകളുടെ ഭരണ കാലത്ത് വികസന വിരുദ്ധ നിലപാട് ആണ് തുടർന്നത്
ഭാഷാടിസ്ഥാനത്തിലുള്ള 
സംസ്ഥാന രൂപീകരണത്തെ തുടർന്ന് കേരളത്തിന്റെ ഭാഗമായി മാറിയ പഴയ മദ്രാസിന്റെ ഭാഗമായ മലബാർ ഭാഗത്ത് പൊതുമേഖല ഗതാഗതം വർദ്ധിപ്പിക്കുന്നതിന് കാര്യമായ ശ്രദ്ധ മാറി മാറി അധികാരത്തിൽ വന്ന ഒരു സർക്കാരുകളും ചെലുത്തിയിരുന്നില്ല.

1965 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് വ്യവസ്ഥ പ്രകാരം കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ രൂപം കൊണ്ടു. 1938 ഫെബ്രുവരി 20 ന് രൂപം കൊണ്ട സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് 27 വർഷത്തെ ഡിപ്പാർട്ട്മെന്റ് ഘടനാ രൂപം മാറ്റി ആർ.ടി.സി. ഘടനാ രൂപത്തിലേക്ക് മാറിയത് കേന്ദ്ര കോൺഗ്രസ്  സർക്കാർ ഭരണ കാലത്തായിയുരുന്നു. ആ ഘടനാ മാറ്റത്തെ അന്നത്തെ ഭരണ പ്രതിപക്ഷ യൂണിയനുകൾ ഒന്നും  എതിർത്തതായി ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല. ഗവർണർ ഭരണകാലത്തെ ഘടനാ  മാറ്റത്തിലൂടെ കെ.എസ്.ആർ.ടി.സി.ആയി രൂപം കൊണ്ടെങ്കിലും ആർടിസി ആക്ട് വിഭാവനം ചെയ്യുന്ന വാണിജ്യ വ്യവസായ ഘടനക്ക് ഇണങ്ങുന്ന ഘടനാപരമായ വ്യവസായ പ്രർത്തന ചട്ടങ്ങൾക്ക് രൂപം നൽകുന്നതിൽ വരുത്തിയ വീഴ്ചയാണ് കെ.എസ്.ആർ.ടി.സി ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം. പിന്നീട് മാറി മാറി അധികാരത്തിൽ വന്ന ജനാധിപത്യ സർക്കാരുകളും ഇക്കാര്യത്തിൽ ഗൗരവതരമായ വീഴ്ച വരുത്തി. 1965 ൽ രൂപീകൃതമായ കെ..എസ്.ആർ.ടി.സിയിലെ ജീവനക്കാരും, ഉദ്യോഗസ്ഥരും പഴയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിൽ നിന്ന് മാറ്റപ്പെട്ടവർ ആയിരുന്നു. അടിത്തട്ട് മുതൽ മുകൾതട്ട് വരെയുള്ള എല്ലാ മേഖലകളുടെയും നടത്തിപ്പ് ആർടിസി ആക്ട് പ്രകാരമുള്ള വാണിജ്യ സ്ഥാപനമാണ് തങ്ങളുടേതെന്ന് മറന്ന് പഴയ ഡിപ്പാർട്ട്മെന്റ്  മനോഭാവത്തിന്റെ തടവറയിലായിരുന്നു. പഴയകാല ഡിപ്പാർട്ടമെന്റ് മനോഭാവത്തിന്റെ തടവറയിയിൽ നിന്ന് പൂർണ്ണമായി മോചിതരാകാൻ ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളും തയ്യാറായിരുന്നില്ല.
പുതിയ വാണിജ്യ വ്യവസായ ഘടനക്ക് ഇണങ്ങാത്തതും, ഡിപ്പാർട്ട്മെന്റിൽ അനുഭവിച്ചിരുന്ന അതേ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും, നേടിയെടുക്കാനും അക്കാലത്ത് ട്രേഡ് യൂണിയനുകൾ സ്വീകരിച്ച പല നിലപാടുകളും ഇതിന് തെളിവാണ്.  വ്യവസായ സംരക്ഷണത്തിൽ ട്രേഡ് യൂണിയനുകൾക്ക് വലിയ പങ്കുണ്ട് എന്ന് തിരിച്ചറിഞ്ഞ് തൊഴിലാളികളെ അക്കാര്യം പഠിപ്പിക്കുന്നതിൽ ആദ്യകാല ട്രേഡ് യൂണിയനുകൾ വേണ്ടത്ര ജാഗ്രത കാണിച്ചില്ല.

1967 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ആണ് വയനാട് റൂട്ട് സമ്പൂർണ്ണ ദേശസാൽക്കരണ വിജ്ഞാപനവും , സപ്ലിമെന്റ് സ്കീം വിജ്ഞാപനവും പ്രാവർത്തികമാക്കി മലബാർ പ്രദേശത്തേക്കേക്ക്  STU വ്യാപിപ്പിക്കാൻ ശ്രമം നടത്തിയത്. ഓരോ വർഷവും പത്ത് ശതമാനം വീതം ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന സർക്കാർ പ്രഖ്യാപനം കെ.എസ്.ആർ.ടി.സി.യുടെ വികസനത്തിന് ഏറെ സഹായകരമാകുമായിരുന്നു. ഗവർണർ ഭരണകാലത്ത് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം കോട്ടയം - എറണാകുളം, കോട്ടയം - പൂഞ്ഞാർ,  കായംകുളം. - പുനലൂർ റൂട്ട് ദേശസാൽക്കരണം നടപ്പിലാക്കിയത് 1967 ഇ.എം.എസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രി ഇമ്പിച്ചിബാവ ആയിരുന്നു.  ആ സർക്കാരിന് കാലാവധി പൂർത്തിയാകാതെ
1969 ൽ അധികാരം വിട്ടൊഴിയേണ്ടി വന്നത് കെ.എസ്.ആർ.ടി.സിയു ടെ പ്രഖ്യാപിത വികസന പദ്ധതികളെ വീണ്ടും  പ്രതിസന്ധിയിലാക്കി.

ഇ.എംഎസ് സർക്കാർ അധികാരം വിട്ടൊഴിഞ്ഞതിനെ തുടർന്ന് 1969 മുതൽ 1980 വരെ ഭരണം നടത്തിയ ഇന്നത്തെ പ്രതിപക്ഷം പിന്തുണക്കുന്ന കോൺഗ്രസ് മുന്നണി സർക്കാരിന്റെ കാലത്ത് ഇമ്പിച്ചിബാവ തുടങ്ങി വച്ച STU മലബാർ മേഖലാ വ്യാപനത്തിന് പശ്ചാത്തല വികസനമടക്കം  യാതൊന്നും ചെയ്തില്ല.

സർക്കാർ ജീവനക്കാരുടെ നിയമനത്തിന് വികേന്ദ്രീകൃത നിയമന രീതി ജില്ലാടിസ്ഥാനത്തിലുള്ള പി.എസ്.സി വഴി നടത്തി മലബാറിലെ സർക്കാർ സർവ്വീസ് മേഖലയുടെ നടത്തിപ്പിൽ ജീവനക്കാരുടെ വിന്യാസം കാര്യക്ഷമമാക്കി. സമാനമായ രീതിയിൽ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് രീതിയിൽ  മാറ്റം വരുത്തി അടിമുടി വികേന്ദ്രീകൃത പ്രവർത്തന സമ്പ്രദായം നടപ്പിലാക്കുന്നതിൽ വന്ന പരാജയം മലബാർ മേഖലയിലെ  STU വികസനത്തിന് ഏൽപ്പിച്ച ആഘാതം ഒട്ടും ചെറുതല്ല. വികേന്ദ്രീകൃത റിക്രൂട്ട്മെന്റ് സമ്പ്രദായം നടപ്പാക്കാതെ പോയതിനാൽ പി.എസ്.സി വഴി നിയമനം ലഭിച്ച തിരുവതാംകൂർ മേഖലയിൽ നിന്ന് ഉള്ളവരുടെ സേവനം പൂർണ്ണമായി ഉപയോഗിക്കാൻ കഴിയാതെ ജീവനക്കാരുടെ കുറവ് മൂലമുള്ള സർവ്വീസ് റദ്ദാക്കൽ വർദ്ധിച്ചു. റവന്യൂ ജില്ലാടിസ്ഥാനത്തിൽ പ്രൊഫഷണൽ/ സാങ്കേതിക / മാനേജ്മെന്റ് വൈദഗ്ധ്യം ഉള്ളവരെ ഉൾപ്പെടുത്തി കരുത്തുറ്റ വാണിജ്യ വ്യവസായം ആക്കി കെ.എസ്.ആർ.ടി.സി യെ മാറ്റുന്നതിലും പരാജയപ്പെട്ടു. ഇതോടൊപ്പം വികേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തുന്നതിൽ വന്ന വീഴ്ചയും മലബാർ മേഖലയിലെ കാര്യക്ഷമമായ സർവ്വീസ് നടത്തിപ്പിന് വലിയ പ്രതിസന്ധിക്ക് കാരണമായി. ഈ പ്രതിസന്ധിയാണ് യുഡിഎഫ് സർക്കാർ ഭരണത്തിൽ വയനാട് റൂട്ട് സമ്പൂർണ്ണ ദേശസാൽക്കരണ വിജ്ഞാപനം ഭേദഗതി ചെയ്യുന്നതിൽ എത്തിച്ചത്.

ടൗൺ / സിറ്റി സർവ്വീസുകൾ/ ഓർഡിനറി/ ദീർഘദൂര / ആഡംബര/ അന്തർ സംസ്ഥാന സർവ്വീസുകൾ ഒരേ സെന്ററിൽ നിന്ന് അവിയൽ പരുവത്തിൽ ഓപ്പറേറ്റ് ചെയ്യുന്നതിന്റെ ഫലമായി ദേശസാൽകൃത റൂട്ടുകളിലെ സർവ്വീസ് നടത്തിപ്പിലെ കാര്യക്ഷമതാ സാഹിത്യം മൂലം താറുമാറായി. പല ഡിപ്പോകളിലും ഏറെ വരുമാനം ലഭിക്കുന്ന ദീർഘദൂര സർവ്വീസുകൾ റദ്ദാക്കി വരുമാനം കുറഞ്ഞ ലഘുദൂര  സർവ്വീസുകൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് കീഴ്പെട്ട്  ഓപ്പറേറ്റ് ചെയുന്ന സ്ഥിതി ഉടലെടുത്തു. സമ്പൂർണ്ണ ദേശസാൽകൃത റൂട്ടായി ആലപ്പുഴ എറണാകുളം റൂട്ട് ദേശസാൽക്കരണ വിജ്ഞാപനം തന്നെ ഭേദഗതിചെയ്ത് സ്വകാര്യ ബസ് സർവ്വീസുകൾക്ക് ആലപ്പുഴ - എറണാകുളം റൂട്ടിൽ സർവ്വീസ് നടത്താൻ അനുമതി നൽകി. സമ്പൂർണ്ണ ദേശസാൽക്കരണ വിജ്ഞാപന റൂട്ടുകളിലെ സർവ്വീസ് ഓപ്പറേഷനിലെ കാര്യക്ഷമത ഉറപ്പാക്കാനാവശ്യമായ ഘടനാപരമായ പരിഷ്കാരം ഉറപ്പാക്കുന്നതിൽ വന്ന പരാജയം യാത്രാക്ലേശം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കി. യാത്രക്കാരുടെ താൽപ്പര്യങ്ങളും പരിഗണിച്ച് ടൈംഷെഡ്യൂളുകൾ പുനക്രമീകരിക്കുന്നതിന്  പകരം തിരുവനന്തപുരം സിറ്റി ദേശസാൽക്കരണ വിജ്ഞാപനം ഭേദഗതി ചെയ്ത് സ്വകാര്യ മേഖലക്ക് പ്രവേശനം അനുവദിക്കാനാണ് . യുഡിഎഫ് സർക്കാർ തയ്യാറായത് .

സമ്പൂർണ്ണ ദേശസാൽകൃത റൂട്ടുകളായ കോട്ടയം - കൊട്ടാരക്കര, കോട്ടയം - ആലുവ ,  എറണാകുളം - തൃശൂർ , തിരുവനന്തപുരം - കൊല്ലം , ആലപ്പുഴ - കൊല്ലം , കൊട്ടാരക്കര - തിരുവനന്തപുരം, തിരുവനന്തപുരം - കളയിക്കാവിള, കൊല്ലം - ചെങ്കോട്ട റൂട്ടുകളിൽ സർവീസ് ഓപ്പറേഷനിലെ കാര്യക്ഷമത രാഹിത്യത്തിന്റെ ഫലമായി അനധികൃത സമാന്തര സർവ്വീസുകൾ കടന്നു വന്നത്. 

ദേശസാൽകൃത വിജ്ഞാപനങ്ങളെ തന്നെ ദുർവ്യാഖ്യാനം ചെയ്ത് ജില്ലാ റീജിണൽ ട്രാൻസ്പോർട്ട് അതൊരിറ്റികൾ  അനുവദിച്ച അനധികൃത സ്വകാര്യ ബസ് പെർമിറ്റുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള നിയമ പരിജ്ഞാനമുള്ള പ്രൊഫഷണലുകളുടെ അഭാവം ഭരണകേന്ദ്രത്തിലോ, ജില്ലാ കെ
കേന്ദ്രങ്ങളിലോ ഇല്ലാതിരുന്നതും സ്വകാര്യ ബസുകൾക്ക് അനധികൃത പെർമിറ്റുകൾ നേടിയെടുക്കുന്നതിന് സഹായകരമായി. 

പുതിയ പാതകളും, പാലങ്ങളും നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡ് ഗതാഗത മേഖലയിൽ വരുന്ന ഘടനാപരമായ മാറ്റങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പഴയ ദേശസാൽക്കരണ വിജ്ഞാപനങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു .  പരമ്പരാഗത ദേശസാൽകൃത റൂട്ടുകളേക്കാൾ ദൂരം കുറഞ്ഞ പുതിയ റൂട്ടുകൾ തുറക്കുമ്പോൾ  അവ സ്വകാര്യ മേഖല കയ്യടക്കുമെന്നത് മുൻകൂട്ടി കാണ്ട് പ്രതിരോധിക്കാൻ  കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞില്ല. ഇത് മൂലം ദൂരം കുറഞ്ഞ പുതിയ നിരത്തുകളിൽ കൂടി മദ്ധ്യ തിരുവിതാംകൂറിൽ നിന്ന് മലബാറിലെ കുടിയേറ്റം ഗ്രാമങ്ങളിലേക്ക് നിരവധി സ്വകാര്യ ബസുകൾ കടന്നുകയറി.

പാർഷ്യൽ /സപ്ളിമെന്റുകൾ സ്കീമുകൾ അനുസരിച്ച് കെ.എസ്.ആർ.ടി.സി രൂപം കൊണ്ടതിന് ശേഷം നിരവധി റൂട്ടുകൾ ദേശസാൽക്കരിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരം റൂട്ടുദേശസാൽക്കരണ വിജ്ഞാപന പ്രകാരം ബന്ധപ്പെട്ട റൂട്ടുകളിൽ പെർമിറ്റ് നേടി സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്ക് സർക്കാർ നഷ്ട പരിഹാരം നൽകണം. നഷ്ടപരിഹാര തുക നിർണ്ണയിക്കുന്നത് ദേശസാൽക്കരണ വിജ്ഞാപന ദിവസം മുതൽ പെർമിറ്റ് കാലാവധി അവസാനിക്കുന്ന കാലം വരെയുള്ള ദിവസങ്ങൾ കണക്കാക്കിയാണ്. സമ്പൂർണ്ണ ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് സർവ്വീസുകൾ പൂർണ്ണമായി ഒഴിവാക്കപ്പെടുന്നതിനാൽ ആ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന വിജ്ഞാപന വ്യവസ്ഥകൾ പ്രകാരം ഒഴിവാകുന്ന എല്ലാ സ്വകാര്യ ബസുകൾക്കും അവശേഷിക്കുന്ന പെർമിറ്റ് കാലാവധി കണക്കാക്കി നഷ്ടം പരിഹാരം തുക നൽകണം . ഭാഗിക ദേശസാൽകൃത  റൂട്ടുകളിൽ വിജ്ഞാപനത്തിൽ ഒഴിവാക്കപ്പെടുന്ന ബസ് പെർമിറ്റുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. നഷ്ട പരിഹാര തുക ലഭിക്കുക ഈ പെർമിറ്റ് ഉടമകൾക്ക് മാത്രമാകും. വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ആ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പെർമിറ്റ് കാലാവധി വരെ സർവ്വീസ് നടത്താമെങ്കിലും , തുടർന്നുള്ള പെർമിറ്റ് പുതുക്കൽ ദേശസാൽക്കരണ വിജ്ഞാപന വ്യവസ്ഥകൾക്ക് വിധേയമായി മാത്രമായിരിക്കണം.
സപ്ളിമെന്റേഷൻ  സ്കീം പ്രകാരം നടത്തുന്ന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദേശസാകരണ വിജ്ഞാപനം പ്രാബല്യത്തിൽ വരുന്ന ദിവസം മുതൽ പുതിയ സർവീസുകളെ സപ്ളിമെന്റ് ചെയ്യാനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ്. 
സപ്ളിമെന്റേഷൻ റൂട്ട് വിജ്ഞാപന റൂട്ടുകളിലെ സ്വകാര്യ ബസുകൾക്ക് സർവ്വീസ് നടത്താനുള്ള അവകാശം അവയുടെ പെർമിറ്റ് കാലാവധി  അവശേഷിക്കുന്ന പെർമ്മിറ്റ് കാലാവധി വരെ മാത്രമാകും.  പെർമിറ്റ് കാലാവധി അവസാനിക്കും വരെ സർവീസ് നടത്താൻ അനുമതി ലഭിക്കുമെന്നതിനാൽ സപ്ളിമെന്റേഷൻ സ്കീം പ്രകാരം ഏറ്റെടുത്ത ഒരു റൂട്ടുകളിലും ബസ് ഉടമകൾക്ക് നഷ്ടം പരിഹാരം ലഭിക്കില്ല.

പെർമിറ്റ് കാലാലധി കഴിഞ്ഞാൽ ദേശസാൽക്കരണ വിജ്ഞാപന വ്യവസ്ഥകൾ പ്രകാരം പെർമിറ്റുകൾ പുതുക്കാൻ അവകാശമില്ലാത്ത സ്വകാര്യ ബസ് ഉടമകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായി   അനധികൃതമായി പെർമിറ്റുകൾ പുതുക്കി സർവ്വീസ് നടത്തുന്നതിനെ പ്രതിരോധിക്കുന്നതിൽ കെ.എസ്.ആർ.ടി.സിക്ക് വന്ന ഭരണപരമായ വീഴ്ചകളാണ് ഇന്ന് കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രതിസന്ധിയുടെ കാരണം . ഇത് തിരിച്ചറിയാതെയുള്ള പ്രതികരണങ്ങളാണ് പലരും  നടത്തുന്നത്.

സപ്ളിമെന്റേഷൻ സ്കീം ദുർവ്യാഖ്യാനം ചെയ്ത് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നതിനെതിരെ ചോദ്യം ചെയ്ത് ആദ്യം ജുഡീഷ്യറിയെ സമീപിച്ചത്  കെ.എസ്.ആർ.ടി.എംപ്ളോയീസ് അസോസിയേഷനെ പ്രതിനിധീകരിച്ച് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറി ആയ വി.ജെ.ജോൺ (കോട്ടയം) ആയിരുന്നു. കെ.എസ്.ആർ.ടി.എംപ്ളൊയീസ് അസോസിയേഷൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ , സ്വകാര്യ ബസുകളുടെ അനധികൃത പെർമിറ്റുകളെ പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തിയ കെ.എസ്.ആർ.ടി.സി മാനേജ്മെന്റും എതിർ കക്ഷി ആയിരുന്നു. ഇതോടെ കെ.എസ്.ആർ.ടി.സിയും ഇതേ കേസിൽ കക്ഷികളായി മാറി പുതിയ ഹർജി ഫയൽ ചെയ്തു. കേരളാ ഹൈക്കോടതി സിംഗിൾ ബഞ്ച് കെ.എസ്.ആർ.ടി. ഇ. അസോസിയേഷൻ  ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിച്ച് പുറപ്പെടുവിച്ച വിധി കേരളത്തിലെ നിയമ പോരാട്ടത്തിലെ ചരിത്ര പ്രാധാന്യമേറിയതായിരുന്നു. ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്ക് എതിരെ കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും കൂടുതൽ വ്യക്തതയോടെ സിംഗിൾ ബഞ്ച് ഉത്തരവ് ശരിവെക്കുകയാണ് ചെയ്തതത്. ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല.


സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞ സ്വകാര്യ ബസ് ഉടമകൾ ചെലുത്തിയ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ 32 സപ്ളിമെന്റേഷൻ സ്കീം വിജ്ഞാപനങ്ങൾ ഭേദഗതി ചെയ്ത് സ്വകാര്യ ബസുകളെ തുടരാനും , പെർമിറ്റുകൾ പുതുക്കി നൽകാനും അനുവദിക്കുകയാണ് ചെയ്തത്.

പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സപ്ളിമെന്റേഷൻ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം ഉയർത്തുന്നതിന് ഓർഡിനറി സർവ്വീസുകളുടെ പരമാവധി ദൂരപരിധി 140 കി.മീ ആയി നിജപ്പെടുത്തി 140 കി.മി പരിധിക്ക് മുകളിലുള്ള ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, ഡീലക്സ് സർവീസുകൾ നടത്താനുള്ള അവകാശം കെ.എസ്.ആർ.ടി.സിക്കായി മാത്രമായി ലഭിക്കാൻ കഴിയുന്ന ഭേദഗതി മോട്ടോർ വാഹന ചട്ടത്തിൽ വരുത്തിയെങ്കിലും കോടതി ഇടപെടലിൽ ആ ശ്രമം വിജയിച്ചില്ല. 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ അതിനെ മറികടക്കാനാണ്  140 കി.മി പരിധിക്ക് മുകളിലുള്ള കേരളത്തിലെ എല്ലാ റൂട്ടുകളിലെയും സ്വകാര്യ ബസ് സർവ്വീസുകൾ പൂർണ്ണമായി ഒഴിവാക്കുക്കുന്നതിനുള്ള നിയമ നടപടികൾക്ക് തുടക്കമിട്ടത്. ആ നടപടികൾ പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനവും പുറത്തിറങ്ങി കഴിഞ്ഞു.
ഈ വിജ്ഞാപന പ്രകാരം 140 കി.മി.പരിധിക്ക് മുകളിലുള്ള എല്ലാ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യാനുള്ള കുത്തകാവകാശം പൊതുമേഖലക്ക് മാത്രമായി ലഭിക്കും കേരളത്തിലെ STU വിന്റെ വ്യാപനത്തിന് വിപ്ളവകരമായ ഈ വിജ്ഞാപനം സഹായകരമാകും.
പുതിയ റൂട്ടുകളിലെ സർവ്വീസ് നടത്തിപ്പ് പഴയ രൂപത്തിൽ അവിയൽ രൂപത്തിൽ അലംഭാവത്തോടെ കെ.എസ്.ആർ.ടി.സി തന്നെ നടത്തിയാൽ കാര്യക്ഷമതാ രാഹിത്യം മൂലം വയനാട് റൂട്ട് ദേശസാൽക്കരണ വിജ്ഞാപനത്തിൽ വെള്ളം ചേർത്തത് പോലെ ഈ റൂട്ടുകളിലും സ്വകാര്യ ബസുകൾ വീണ്ടും. കടന്നു വരാൻ കഴിയും വിധം വിജ്ഞാപനം തന്നെ ഭേദഗതി ചെയ്യാൻ കോടതി ഇടപെടലുണ്ടാകും. നിയമം ഭേദഗതി ചെയ്യാതെ തന്നെ മതിയായ ബസുകൾ നിരത്തിലിറക്കുന്നതിൽ വീഴ്ച വരുത്തിയാൽ  ആ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് മോട്ടോർ വാഹന നിയമം സെക്ഷൻ 104 പ്രകാരം താൽക്കാലിക പെർമിറ്റ് ലഭിക്കും.

Central Government Act
Section 104 in The Motor Vehicles Act, 1988
"104. Restriction on grant of permits in respect of a notified area or notified route.—Where a scheme has been published under sub-section (3) of section 100 in respect of any notified area or notified route, the State Transport Authority or the Regional Transport Authority, as the case may be, shall not grant any permit except in accordance with the provisions of the scheme: tc "104. Restriction on grant of permits in respect of a notified area or notified route.—Where a scheme has been published under sub-section (3) of section 100 in respect of any notified area or notified route, the State Transport Authority or the Regional Transport Authority, as the case may be, shall not grant any permit except in accordance with the provisions of the scheme\:" Provided that where no application for a permit has been made by the State Transport Undertaking in respect of any notified area or notified route in pursuance of an approved scheme, the State Transport Authority or the Regional Transport Authority, as the case may be, may grant temporary permits to any person in respect of such notified area or notified route subject to the condition that such permit shall cease to be effective on the issue of a permit to the State transport undertaking in respect of that area or route. tc "Provided that where no application for a permit has been made by the State Transport Undertaking in respect of any notified area or notified route in pursuance of an approved scheme, the State Transport Authority or the Regional Transport Authority, as the case may be, may grant temporary permits to any person in respect of such notified area or notified route subject to the condition that such permit shall cease to be effective on the issue of a permit to the State transport undertaking in respect of that area or route."

സ്റ്റേറ്റ് ട്രാൻസ്പോർട്ട് അൻണ്ടർ ട്രേക്കിംഗ് (STU) എന്നതിന്റെ പരിധിയിൽ ആർടിസി ആക്ട് പ്രകാരമുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, കമ്പനി ആക്ട് പ്രകാരമുള്ള , കമ്പനികൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള പാസഞ്ചർ ട്രാൻസ്പോർട്ട് സംവിധാനങ്ങൾ കൂടി ഉൾപ്പെടുന്നയാണെന്നത് മറച്ചു വച്ചാണ് പലരും ദീർഘദൂര സർവ്വീസുകളുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് രൂപീകരിച്ച KSWIFT നെ സ്വകാര്യ കമ്പനിയായി വ്യാഖ്യാനിച്ച് ദുരാരോപണങ്ങൾ നടത്തുന്നത്. ഈ ആരോപണങ്ങൾ കേരളത്തിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അണ്ടർ ട്രക്കിംഗ് ദുബലപ്പെടുത്തി പിൻവാതിൽ വഴി സ്വകാര്യ ബസ് കുത്തകകളെ പരോക്ഷമായി സഹായിക്കാനാണെന്നതാണ് യാഥാർത്ഥ്യം .
ജീവനക്കാരുടെ തൊഴിലും , കൂലിയും സംരക്ഷിക്കാൻ, പെൻഷൻ കൃത്യമായി ലഭിക്കാൻ കെ.എസ്.ആർ.ടി.സിയും ആ കുടുംബത്തിലെ  പുതിയ ശിശുവായ കെ.സ്വിഫ്റ്റും  നില നിൽക്കണം വളരണം. പ്രൊഫഷണൽ മികവോടെ വികേന്ദ്രീകത പ്രവർത്തന ഘടനയിൽ കേരളത്തിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കുടുംബം മികവോടെ കേരളത്തിലെ പാസഞ്ചർ ഗതാഗത രംഗത്ത് ശക്തമായ സാന്നിധ്യമുള്ള സംവിധാനമായി മാറണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ