അവകാശ പത്രിക നല്‍കുമ്പോള്‍ വ്യവസായത്തിന്റെ ക്രയ ശേഷിയും സാമ്പത്തിക ക്ഷമതയും കണക്കിലെടുക്കണം.
പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ് ആയിരുന്ന അന്തരിച്ച സ.വി.ജി.ഭാസ്കരന്‍ നായര്‍ തന്റെ ട്രേഡ് യൂണിയന്‍ അനുഭവങ്ങള്‍ സി.ഐ.റ്റി.യു സന്ദേശം എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. ആലപ്പുഴയിലും, ആലുവയിലും രണ്ട് ഗ്ളാസ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നു. ആലപ്പുഴയിലേത് എക്സല്‍ ഗ്ളാസ് ഫാക്ടറി. ആലുവയിലേത് ഒഗലെ ഗ്ളാസ് ഫാക്ടറി. രണ്ടു ഫാക്ടറികളിലെയും ഗ്ളാസ് നിര്‍മ്മാണത്തിലെ സാങ്കേതിക വിദ്യയും,അസംസ്കൃത വസ്തുക്കളും വ്യത്യസ്തം. എക്സല്‍ ഗ്ളാസ് ഫാക്ടറി നല്ല ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടു തന്നെ ബോണസ് 20 ശതമാനം , സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡി.എ. എന്നിവയൊക്കെ ആലപ്പുഴ എക്സല്‍ ഗ്ളാസ് ഫാക്ടറിയില്‍ കൃത്യമായി നല്‍കുന്നുണ്ട്
ആലുവയിലെ ഒഗലെ ഗ്ളാസ് ഫാക്ടറിക്കാണെങ്കില്‍ പെരിയ നഷ്ടം. ഡി.എ കുടിശിഖ.മിനിമം ബോണസ് മാത്രം . കടുത്ത സാമ്പത്തിക നഷ്ടം താങ്ങാനാവാതെ ഉടമ ഫാക്ടറി പൂട്ടി സ്ഥലം വിട്ടു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഒരു പുതു മടിശീലക്കാരന്‍ ആലുവ ഒഗലെ ഗ്ളാസ് ഫാക്ടറി വിലക്കെടുത്ത് ഫാക്ടറി തുറക്കുവാന്‍ തീരുമാനിച്ചു. തൊഴിലാളികളുടെ സഹകരണം അഭൃര്‍ത്ഥിക്കുന്നതിനായി ട്രേഡ് യൂണിയന്‍ നേതാക്കളുടെ കോണ്‍ഫറന്‍സ് വിളിച്ചു. എന്തൊക്കെയാണ് നിങ്ങളുടെ ആവലാതികള്‍ ? പുതിയ ഫാക്ടറി ഉടമയുടെ ചോദ്യത്തിന് മറുപടി ആയി ഡി.എ നിഷേധവും, ബോണസ് 20 ശതമാനം ലഭിക്കുന്നില്ല തുടങ്ങി തങ്ങളുടെ ആവലാതികളെല്ലാം ഉടമയെ വിശദമായി ധരിപ്പിച്ചു. പുതിയ ഉടമ ഒഗലെ ഗ്ളാസ് ഫാക്ടറിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാതെ തന്നെ ഡി.എ. സര്‍ക്കാര്‍ നിരക്കില്‍ നല്‍കാനും, ബോണസ് നല്‍കാനും ഉത്തരവിട്ടു. അവകാശ പത്രികയില്‍ ഉള്‍പ്പെടുത്തിയ ഡി.എ , ബോണസ് എന്നിവ നല്‍കാന്‍ ആ ഫാക്ടറിക്ക് ശേഷിയില്ലെന്ന് നന്നായി അറിയാവുന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. തൊഴിലാളി താല്‍പര്യത്തിന് വ്യവസായ താല്‍പര്യത്തെക്കാള്‍ മുന്‍ഗണന നല്‍കി അവര്‍ നിശബ്ദത പാലിച്ചു. എന്തായാലും ഒഗലെ ഗ്ളാസ് ഫാക്ടറി തുറന്നു. എല്ലാവര്‍ക്കും ആഹ്ളാദം. തൊഴിലാളി സ്നേഹി ആയ പുതു മടിശീലക്കാരനായ മുതലാളിക്ക് എല്ലാ കോണുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ . വന്‍ സാമ്പത്തിക കുഴപ്പത്തെ തുടര്‍ന്ന് ഒഗലെ ഗ്ളാസ് ഫാക്ടറി ഗേറ്റിന് വീണ്ടും ഗോദ്റെജ് താഴു വീണു. ഇന്ന് ഒഗലെ ഗ്ളാസ് ഫാകടറി എന്നത് പഴയ തലമുറയുടെ ഓര്‍മ്മകളില്‍ മാത്രം. തൊഴിലാളിയുടെ വേലയും കൂലിയും ഇല്ലാതായി.
വ്യവസായത്തിന്റെ കൊടുക്കല്‍ കഴിവും, സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ മാനേജ്മെന്റിനെ മുള്‍മുനയില്‍ നിര്‍ത്തി അവകാശങ്ങളുന്നയിച്ച് വ്യവസായത്തിന് താങ്ങാനാവാത്ത അവകാശങ്ങള്‍ അംഗീകരിപ്പിച്ച്
അടച്ചു പൂട്ടപ്പെട്ട വ്യവസായങ്ങളുടെ പട്ടിക നിരത്തിയ , പരിണിത പ്രജ്ഞനായ ടേഡ് യൂണിയന്‍ കുലപതി സ. വി.ജി.ഭാസ്കരന്‍ നായര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും അന്നു പങ്കു വച്ച ആ സന്ദേശം ഇന്നും കാതില്‍ മുഴങ്ങുന്നു. “ ഏതൊരു വ്യവസായത്തിലെയും ട്രേഡ് യൂണിയനുകള്‍ ഡിമാന്‍ഡ് നോട്ടീസ് നല്‍കി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ആ വ്യവസായത്തിന്റെ ക്രയ ശേഷിയും , സാമ്പത്തിക സ്ഥിതിയും പരിഗണിച്ചിരിക്കണം. അതല്ലെങ്കില്‍ വ്യവസായം തകരും. തൊഴിലാളിയുടെ വേലയും, കൂലിയും ഇല്ലാതാകും”
അടിക്കുറിപ്പ്.
തൊഴിലാളികളും ഉല്‍പ്പാദന ക്ഷമതയും
“ ഉല്‍പ്പാദനത്തിലെ ഓരോ പങ്കാളിയും താന്‍ നിറവേറ്റുന്ന ഉല്‍പ്പാദനപരമായ കടമയുടെ പ്രാധാന്യം മനസിലാക്കണം. ഓരോ പങ്കാളിയും മുകളില്‍ നിന്ന് ഏല്‍പ്പിക്കപ്പെടുന്ന ചുമതലകള്‍ മാത്രം നിറവേറ്റിയാല്‍ പോരാ. ഉല്‍പ്പാദന രംഗത്തുണ്ടാകുന്ന സാങ്കേതികവും, സംഘടനാപരവുമായ ഏതു തകരാറുകളും പരിഹരിക്കുന്നതില്‍ ബോധപൂര്‍വ്വം പങ്കെടുക്കണം “
ലെനിന്‍
vv
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ