2022 സെപ്റ്റംബർ 26, തിങ്കളാഴ്‌ച

കെ എസ് ആർ ടി സി വർക്ക് ഷോപ്പുകൾ സ്വതന്ത്രമാക്കരുതോ ?

കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പുകൾ സ്വതന്ത്രമാക്കരുതോ ?


കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്സ്, മാവേലിക്കര, ആലുവ,  ഇടപ്പാള്‍  റീജിണൽ ഉൾപ്പെടെയുള്ള അഞ്ചു വര്‍ക്കുഷോപ്പുകള്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഈ വർക്ക് ഷോപ്പുകളിൽ പുതുതായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ബസ് കോഡ് മാനദണ്ഡം അനുസരിച്ചുള്ള അംഗീകാര പദവി ഒരു വർക്ക് ഷോപ്പിന് മാത്രമാണ് ലഭിച്ചിട്ടുള്ളത്. അംഗീകാര പദവിയുള്ള മറ്റൊരു സ്ഥാപനം കോട്ടയത്തുള്ള കൊണ്ടോടി സ്വകാര്യ വർക്ക്ഷോപ്പാണ്. ഈ സ്വകാര്യ വർക്ക് ഷോപ്പിൽ ഒരു ബസ് ബോഡി നിർമ്മാണത്തിന് 140 മനുഷ്യാദ്ധ്വാനം മാത്രമായിരിക്കെ KSRTC വർക്ക് ഷോപ്പുകളിൽ 325 -  350 മനുഷ്യാദ്ധ്വാനമാണ് വേണ്ടി വരുന്നത്. APSRTCയിലാകട്ടെ 200 മാത്രവും. അടുത്ത കാലത്തു ട്രേഡ് യൂണിയനുകളുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകളിൽ ഒരു സ്ഥിരം തൊഴിലാളി ഒരു ദിവസം എട്ട് മണിക്കൂർ ജോലി സമയത്ത് 6 ടയറുകൾ റീട്രഡ് ചെയ്യുമ്പോൾ താൽക്കാലിക ജീവനക്കാരൻ ഒരു ദിവസം അതേ സമയത്തിനുള്ളിൽ ഇതേ വർക്ക് ഷോപ്പിൽ 12 ടയറുകൾ റീട്രഡ് ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകളിൽ പാഴായി പോകുന്ന മനുഷ്യദ്ധ്വാനശക്തി ഒട്ടും കുറവല്ല എന്നത് സ്വയം വിമർശനപരമായി അംഗീകരിച്ചേ മതിയാകൂ.


വർക്ക്ഷോപ്പുകൾ പ്രവര്‍ത്തിക്കുന്നത് ഫാക്ടറി ആക്ട് വ്യവസ്ഥകള്‍ അനുസരിച്ചാണ്. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം RTC കളിലും ബസുകള്‍ വാങ്ങുന്നത് ബസ്ബോഡി ഉള്‍പ്പെടെയാണ്. ബസ്ബോഡി ഉള്‍പ്പെടെ വാങ്ങുമ്പോള്‍ ആ വാഹനങ്ങളുടെ അറ്റ കുറ്റപ്പണികള്‍ നിശ്ചിത കാലയളവില്‍ കമ്പനികള്‍ തന്നെ നിറവേറ്റുന്നതിനാല്‍  ആ ബസുകളുടെ അറ്റകുറ്റ പണികള്‍ക്ക് കമ്പനികളുടെ തന്നെ തുടർ സേവനം ലഭ്യമാകുമല്ലോ? പഴകിയ വാഹനങ്ങൾ ഇൻഷ്വർ ചെയ്യാൻ  വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തയ്യാറാകാത്തതിനാൽ  കാലപ്പഴക്കം കൂടിയ വാഹനങ്ങൾ വീണ്ടും പൊളിച്ച് പണിയുന്നത് ഒട്ടും ഗുണകരമല്ല. ഇൻഷ്വർ ചെയ്യാത്ത വാഹനങ്ങൾ നിരത്തിൽ ഓടിക്കുമ്പോൾ ഉണ്ടാകുന്ന റോഡപകടങ്ങളിൽ മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കെ.എസ് ആർ.ടി.സി ഏറ്റെടുക്കേണ്ടി വരും. ഇൻഷ്വർ ചെയ്യാത്ത വാഹനങ്ങൾക്ക് ഉണ്ടായ അപകടങ്ങളിൽ എം.എ.സി.റ്റി നഷ്ടപരിഹാരത്തുക സ്വന്തം പ്രവർത്തന ഫണ്ടിൽ നിന്ന് നൽകിയ വകയിലും നേരിട്ട സാമ്പത്തിക ബാദ്ധ്യതയും ഇന്നത്തെ ധന പ്രതിസന്ധിക്ക് ഒരു കാരണമാണ്..


നിലവിലുള്ള വർക്ക് ഷോപ്പുകൾ കെ.എസ്.ആർ.ടിസിക്ക് അധിക ബാധ്യതയായി ഇനിയും തുടരണമോ എന്ന് സർക്കാർ ഗൗരവത്തോടെ ആലോചിക്കണം. റണ്ണിംഗ് മെയിന്‍റനന്‍സ് നടത്തുവാനുള്ള മെക്കാനിക്കൽ ജീവനക്കാരെ മാത്രം കെ.എസ്.ആര്‍.ടി.സിയില്‍ നിലനിര്‍ത്തിയാല്‍ മതിയാകും. 


നിലവിലുള്ള വര്‍ക്ക്ഷോപ്പുകളിലെ ജീവനക്കാരുടെ എണ്ണവും കൂടെ ഉള്‍പ്പെടുത്തിയാണ് KSRTC യുടെ ബസ് സ്റ്റാഫ് അനുപാതം ഇപ്പോള്‍ നിര്‍ണ്ണയിക്കുന്നത്. അതു കൊണ്ടു തന്നെ KSRTC യുടെ ബസ് സ്റ്റാഫ് അനുപാതം ദേശീയ ശരാശരിയെക്കാള്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്നു. KSRTC യുടെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള വര്‍ക്ക്ഷോപ്പുകള്‍ KSRTC -ല്‍ നിന്നും പൂര്‍ണ്ണമായും വിടര്‍ത്തി സ്വതന്ത്ര പൊതുമേഖലാ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നത് ഇരു സ്ഥാപനങ്ങളുടെയും കാര്യക്ഷമത ഉയര്‍ത്താന്‍ സഹായകരമാകും. വര്‍ക്ക്ഷോപ്പുകള്‍ സ്വതന്ത്രമാക്കി അന്തര്‍ ദേശീയ നിലവാരത്തില്‍ പുന സംഘടിപ്പിച്ചാല്‍ കരാര്‍ വ്യവസ്ഥയില്‍ KSRTC -യുടെ മാത്രമല്ല, കേരളാ സര്‍ക്കാരിന്‍റെയും, ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, സ്വകാര്യ മേഖലയിലേതടക്കം വാഹന സംബന്ധമായ പണികള്‍ കാര്യക്ഷമമായി നിറവേറ്റാന്‍ ഈ സ്ഥാപനത്തിന് കഴിയും. ചേർത്തല ആട്ടോ കാസ്റ്റിന്   ഇന്ത്യൻ റെയിൽവെയുടെ ബോഗി നിർമ്മാണ കരാർ ലഭിച്ചത് അടുത്ത കാലത്താണ്. സമാനമായ രീതിയിൽ കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിഘടിപ്പിക്കുന്ന വർക്ക്ഷോപ്പും ആട്ടോകാസ്റ്റുമായി സംയോജിപ്പിക്കുകയോ , സ്വതന്ത്രമായി പ്രവർത്തിക്കുകയോ ചെയ്യാൻ കഴിയും. സർക്കാർ ഈ വർക്ക് ഷോപ്പുകൾ ഏറ്റെടുക്കുന്നതിന് നൽകുന്ന നഷ്ടപരിഹാരത്തുക ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയുടെ കടബാദ്ധ്യത തീർത്താൽ ധനപ്രതിസന്ധി പരിഹരിക്കാൻ കഴിയും.


2021ലെ കേരളാ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ 175 എഞ്ചിനീയറിംഗ് കോളജുകളില്‍ നിന്നും ഓരോ വർഷവും പഠനം പൂർത്തിയാക്കി തൊഴിൽ തേടി പുറത്തു വരുന്നവരുടെ എണ്ണം 47025 ആണ്. സംസ്ഥാനത്തെ 45 പോളി  ടെക്നിക്കുകളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം 31125 ആണ്. 104 സർക്കാർ ഐ.റ്റി.ഐ, കളിൽ നിന്ന്  ഓരോ വർഷവും പുറത്തിറങ്ങുന്നവർ 10696 പേരാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരിൽ ഏറെപേർക്ക് കേരളത്തിനുള്ളിൽ തന്നെ തൊഴിൽ നൽകാൻ  കഴിയും വിധം ആയിരിക്കണം പുതിയ സ്ഥാപനത്തിന്‍റെ ഘടന. കെ.എസ്.ആർ.ടി.സി എന്ന ലഘു വൃത്തത്തിൽ ഉള്ളതിനേക്കാൾ വിശാലമായ വിപണിസാധ്യതകൾ ഉപയോഗപ്പെടുത്താൻ പുനഃസംഘടിപ്പിക്കുന്ന പുതിയ സ്ഥാപനത്തിന് കഴിയൂം.


ബഹിരാകാശ ഗവേഷണ രംഗത്തടക്കം അസൂയാവര്‍ഹമായ നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിയുന്ന പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന  വര്‍ക്ക്ഷോപ്പുകളുടെ നിലവിലുള്ള പ്രവർത്തനം തികച്ചും പ്രാകൃത സാങ്കേതിക വിദ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് യാഥാർഥ്യം. അന്തർ ദ്ദേശീയ രംഗത്ത് ലഭ്യമായ ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന വാഹനങ്ങളുടെ അറ്റകുറ്റ പണികൾ മാത്രമല്ല , റെയിൽ ബോഗി നിർമ്മാണം ഉൾപ്പെടെയുള്ള വ്യത്യസ്ത എഞ്ചിനീയറിംഗ് ജോലികൾ കാര്യക്ഷമതയോടെ നടത്താൻ കഴിയും വിധം അന്തർ ദേശീയ നിലവാരത്തിലേക്ക് സ്ഥാപനത്തെ ഉയർത്താനുള്ള സമഗ്രമായ പുന സംഘടനയാണ് വേണ്ടത്.


കെ.എസ്. ആർ. ടി.സിയുടെ ഭാഗമായി പ്രവർത്തിക്കുന്നത് മൂലം കെ.എസ്.ആർ.ടി.സി ബസുകളിൽ ലഭിക്കുന്ന യാത്രാ സൗജന്യം തങ്ങൾക്കു നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഇത്തരം ഒരു പുനസംഘടനയോട് വിയോജിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുക . ആ കാരണമാകട്ടെ ഒട്ടും യുക്തിസഹവുമല്ല . വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്രാ സംവിധാനങ്ങൾ അതാതു സ്ഥാപനങ്ങൾ തന്നെ ഏർപ്പെടുത്തുന്ന രീതി നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ സ്വീകരിക്കാറുണ്ട്. അത്തരം യാത്രാ സംവിധാനങ്ങൾ അതാതു സ്ഥാപനങ്ങൾ തന്നെ നൽകിയാൽ മതിയാകും.

#SAVE_KSRTC

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ