അസ്തമന ബിന്ദുവിലെത്തിയ ഓവർടൈമും പാളിപ്പോയ KSRTC യിലെ സമര സ്വപ്നങ്ങളും.
1982 ലെ UDF ഭരണ കാലം. മുഖ്യ മന്ത്രി കെ.കരുണാകരൻ. അന്നത്തെ ഗതാഗത മന്ത്രി ആർ.ബാലകൃഷ്ണപിള്ള. ബാല കൃഷ്ണപിള്ളക്കു ഡ്രൈവേഴ്‌സ് യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ KSRTC പ്രശ്നങ്ങൾ സംബന്ധിച്ചു നല്ല ധാരണ ഉണ്ട്. KSRTC തൊഴിലാളികൾ വ്യാപകമായി ഓവർടൈം ആനുകൂല്യം അനുഭവിച്ചു വന്നിരുന്ന സുവർണ്ണ കാലമായിരുന്നു അതു. നിശ്ചിത സമയത്തിന് മുമ്പേ തന്നെ ബോഡി നിർമ്മാണം അടക്കമുള്ള ജോലി തീർത്ത് 8 മണിക്കൂറിനുള്ളിൽ തന്നെ സാധാരണ വേതനത്തേക്കാൾ അധികം ഓവർടൈം കൂലി വാങ്ങാൻ കഴിഞ്ഞ സുവർണ്ണ കാലം. ഓവർ ടൈം വേതനം എന്നത് സാധാരണ വേതനത്തിന്റെ ഇരട്ടിയാണ്.ശബരിമല സ്പെഷ്യൽ സർവീസ് തുടങ്ങാറായി. ഇനിമേൽ KSRTC യിൽ ഓവർടൈം ഇല്ല എന്നു പ്രഖ്യാപിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ലഭിച്ചിരുന്ന വൻ സാമ്പത്തിക ആനുകൂല്യം നഷ്ടപ്പെട്ടത്തിനെ തുടർന്ന് തൊഴിലാളികൾ ആകെ പ്രക്ഷോഭ സന്നദ്ധരായി രംഗത്തു വന്നു. KSRT എംപ്ലോയീസ് അസോസിയേഷൻ കോട്ടയം യൂണിറ്റ് ഖജാൻജി ആണ് അന്ന് ഞാൻ. യൂണിറ്റ് സെക്രട്ടറി ഇപ്പോഴത്തെ സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റംഗം സി.ജെ ജോസഫ്. അന്നത്തെ യൂണിയൻ ജനറൽ സെക്രട്ടറി N.B.ത്രിവിക്രമൻ പിള്ളയാണ്. പ്രസിഡൻറ് വി. വിശ്വനാഥമേനോൻ. ശബരിമല സർവീസ് ഓപ്പറേഷന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു കോട്ടയം ഡിപ്പോ.
ഉടൻ പണിമുടക്കാൻ അനുമതി ചോദിച്ചു ഞങ്ങൾ യൂണിയൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ച. യൂണിയൻ കേന്ദ്ര നേതൃത്വം ഞങ്ങളെ നിരാശപ്പെടുത്തി പണിമുടക്കാൻ അനുമതി നൽകിയില്ല . അന്നവർ ഞങ്ങളോട് പറഞ്ഞതു 8 മണിക്കൂറിലധികം പണിയെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പണിമുടക്കാനോ സമരം ചെയ്യാനോ കഴിയില്ല എന്നതായിരുന്നു. 8 മണിക്കൂർ തൊഴിൽ അവകാശം നിഷേധിച്ചാൽ മാത്രം സമരം ചെയ്യാം. 8 മണിക്കൂറിൽ അധികം പണിയെടുപ്പിക്കണോ എന്നു തീരുമാനിക്കാനുള്ള അവകാശം മാനേജ്‌മെന്റിന് മാത്രം ഉള്ളതാണ്. ഇതാണ് യൂണിയൻ നിലപാട്. ഉടൻ പണിമുടക്ക് വികാരവുമായി നിൽക്കുന്ന തൊഴിലാളികളുടെ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് യൂണിയൻ നിലപാട് വിശദീകരിചു കൊടുത്തു. പരസ്യ പൊതുയോഗം വിളിച്ചു ചേർത്ത് യൂണിയൻ നിലപാട് ഞങ്ങൾ വിശദീകരിച്ചു. കാറ്റഗറി യൂണിയനുകളുടെ അതിപ്രസരം നിലവിലുണ്ടായിരുന്ന അക്കാലത്തു ഒഴുക്കിനെതിരെ നീന്തി ഓവർടൈം സംബന്ധിച്ച
ശരിയായ CITU നിലപാട് തൊഴിലാളികളെ കൊണ്ട് അംഗീകരിപ്പിക്കാൻ അന്നത്തെ CITU നേതൃത്വത്തിന് കഴിഞ്ഞു.
അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞാൽ യൂണിയൻ അംഗ ബലത്തിൽ ഇടിവുണ്ടാകും എന്ന ഞങ്ങളുടെ അബദ്ധധാരണകളും മാറി. അന്ന് ഇരുപതു ശതമാനത്തിൽ താഴെ മാത്രമായിരുന്നു യൂണിയൻ അംഗസംഖ്യ എങ്കിൽ പിന്നീട് നിതാന്ത പരിശ്രമത്താൽ അൻപതു ശതമാനത്തിലേക്കു യൂണിയൻ അംഗത്വം പടിപടിയായി ഉയരുന്ന കാഴ്ച ആയിരുന്നു തുടർന്ന് അനുഭവപ്പെട്ടത്. അപ്രിയ സത്യങ്ങൾ പരസ്യമായി തുറന്നു പറയാൻ ഭയപ്പെടുന്ന, ട്രേഡ് യൂണിയൻ നേതൃത്വത്തിന് എങ്ങിനെയാണ് തൊഴിലാളികളെ നയിക്കാൻ കഴിയുക.? ബോധ നിലവാരത്തിൽ ഏറ്റവും പിന്നോക്കമായി നിൽക്കുന്ന തൊഴിലാളികളുടെ നിലവാരവും സമീപനവും ആണോ ട്രേഡ് യൂണിയൻ നേതൃത്വം സ്വീകരിക്കേണ്ടത്.? അവർ തൊഴിലാളികളെ നയിക്കുന്നവരാകണം , നയിക്കപ്പെടുന്നവരാകരുത്.അധമ നിലവാരത്തിലുള്ള തൊഴിലാളികളാൽ നയിക്കപ്പെടുന്ന ട്രേഡ് യൂണിയൻ നേതൃത്വം തൊഴിലാളികളെയും, വ്യവസായത്തെയും ആപത്തിലേക്കായിരിക്കും
എത്തിക്കുക. ഇതാണ് അന്നത്തെ CITU നേതൃത്വം ഞങ്ങളെ പഠിപ്പിച്ച പാഠം. ഇന്നും അതു മാത്രമാണ് ശരിയെന്ന പക്ഷക്കാരനാണ് ഞാൻ.
ഒരു കലണ്ടർ ദിവസത്തിൽ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ് ഓവറിനുള്ളിൽ എട്ട് മണിക്കൂർ ജോലിയെന്ന് കരാർ വ്യവസ്ഥ നടപ്പാക്കാൻ പാടില്ലെന്ന് ശാഠ്യം പിടിക്കുന്ന ട്രേഡ് യൂണിയനുകൾ പഴയ അധമനിലവാര നിലപാടുകളുടെ പുതിയ അവതാരങ്ങളാണ് എന്നതിൽ സംശയം ഇല്ല. ഗുരുതരമായ ധന പ്രതിസന്ധിയാൽ വീർപ്പു മുട്ടുന്ന ഏതൊരു വ്യവസായ സ്ഥാപനത്തിലും പാഴായി പോകുന്ന അധ്വാന ശക്തി ഉപയോഗപ്പെടുത്താൻ ക്രിയാത്മകമായ സഹകരണമാണ് പക്വതയുള്ള ട്രേഡ് യൂണിയൻ നേതൃത്വങ്ങൾ നൽകേണ്ടത് . അതിൽ വീഴ്ച വരുത്തിയാൽ വ്യവസായ തകർച്ചയിലൂടെ പരസഹസ്രം തൊഴിലാളികളുടെ ജോലിയും കൂലിയുമാണ് അവതാളത്തിലാകുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ